02 June, 2020 03:08:15 PM


നാലു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കിണറ്റിൽ എറിഞ്ഞു; പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെന്‍ഷന്‍



ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ നാലു വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന് കിണറ്റിൽ എറിഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ട പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാഗോൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബംഗാരി ഗ്രാമത്തിലാണ് സംഭവം. മെയ് 28ന് രാത്രിയിലാണ് പെൺകുട്ടിയെ കാണാതായത്. 

 

രാത്രിയിൽ മുത്തച്ഛനൊപ്പം വീടിനു പുറത്തായിരുന്നു പെൺകുട്ടി കിടന്നുറങ്ങിയത്. ഉറക്കത്തിനിടയിൽ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ, അതായത് 29ന്, രാവിലെ പെൺകുട്ടിയുടെ മൃതദേഹം സമീപ പ്രദേശത്തുള്ള കിണറിൽ പൊങ്ങി കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ബലാത്സംഗത്തിന് ഇരയായതായും മൂർച്ചയുള്ള വസ്തു കൊണ്ട് തലയ്ക്ക് മുറിവേറ്റതായും തെളിഞ്ഞു. ഇതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ഛത്തർപുർ ജില്ല പൊലീസ് സൂപ്രണ്ട് കുമാർ സൗരവ് ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്. അതേസമയം, പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10, 000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയും ക്രൂരമായ സംഭവം നടന്നിട്ടും ഉത്തരവാദിത്തപ്പെട്ട പൊലീസ് ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ചില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ അശ്രദ്ധ കാണിച്ച നാഗോൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജ് നാഥ് ശർമയെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K