02 June, 2020 08:41:52 AM


ജോലി തേടി ജില്ല വിട്ട മറുനാടന്‍ തൊഴിലാളികളെ തിരിച്ചയച്ചു; കോട്ടയത്ത് തിരിച്ചെത്തിയ ഇവര്‍ പെരുവഴിയില്‍



കോട്ടയം: ജോലി തേടി ജില്ല വിട്ടുപോയ മറുനാടന്‍ തൊഴിലാളികള്‍ പെരുവഴിയില്‍. തിരുവഞ്ചൂര്‍ പൂവത്തുംമൂട് പാലത്തിന് സമീപം താമസിച്ചിരുന്ന നാല്‍പ്പതോളം വരുന്ന മറുനാടന്‍ തൊഴിലാളികള്‍ തൊഴില്‍ അന്വേഷിച്ച് കഴിഞ്ഞ ദിവസം പാലക്കാട് പോയിരുന്നു. എന്നാല്‍ അവിടെയെത്തിയ തൊഴിലാളികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ പറ്റിയില്ലെന്നു മാത്രമല്ല ഇവരെ അവിടെനിന്ന് തിരിച്ചയയ്ക്കുകയും ചെയ്തു. തിരിച്ച് പൂവത്തുംമൂട്ടിലെ താമസസ്ഥലത്തെത്തിയ ഇവരെ വീണ്ടും വീട്ടില്‍ പ്രവേശിക്കാന്‍ കെട്ടിടമുടമ സമ്മതിക്കാതായതോടെയാണ് തൊഴിലാളികള്‍ പെരുവഴിയിലായത്.


കഴിഞ്ഞ രാത്രി മുതല്‍ തൊഴിലാളികള്‍ പൂവത്തുംമൂട് പാലത്തിന് സമീപം കടത്തിണ്ണകളിലും റോഡിലും മഴ സഹിച്ചും കാത്ത് നില്‍ക്കുകയാണ്. കോവിഡ് ഭീഷണി നിലനില്‍ക്കെ ജില്ല വിട്ട് യാത്ര ചെയ്ത തൊഴിലാളികളിളെ ക്വാറന്‍റയിനില്‍ പ്രവേശിപ്പിക്കണമെന്നാണ് കെട്ടിടമുടമ പറയുന്നത്. കെട്ടിടത്തില്‍ താമസിക്കുന്ന മറ്റ് തൊഴിലാളികള്‍ മടങ്ങിയെത്തിയവരെ തിരികെ കയറ്റിയാല്‍ പ്രശ്നമാകുമോ എന്ന ആശങ്കയിലുമാണ്. പാലക്കാട് പോയ തൊഴിലാളികളില്‍ പേരൂരില്‍ താമസിക്കുന്ന ഏതാനും തൊഴിലാളികളും ഉണ്ടായിരുന്നു. ഇവര്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയവരില്‍ ചിലരെ കൂട്ടികൊണ്ടുപോയി. തന്‍റെ അനുവാദമില്ലാതെ ഇവരെ കയറ്റിതാമസിപ്പിച്ചതിലുള്ള ആശങ്കയിലാണ് പേരൂരിലെ കെട്ടിടമുടമയും. 


തൊഴിലാളികള്‍ തന്നോട് പറയാതെ രണ്ട് ടൂറിസ്റ്റ് ബസുകളില്‍ ജൂണ്‍ ഒന്നിന് വെളുപ്പിനെ സ്ഥലം വിടുകയായിരുന്നു എന്നാണ് പൂവത്തുംമൂട്ടില്‍ ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമ ദീപക് പറയുന്നത്. വിവരമറിഞ്ഞ താന്‍ അയര്‍കുന്നം സ്റ്റേഷനില്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇവര്‍ ജോലിക്കായി പാലക്കാട് ആണോ തമിഴ്നാട്ടിലേക്ക് ആണോ പോയതെന്ന് അറിയില്ലെന്നും കെട്ടിടമുടമ പറയുന്നു. 


അയര്‍കുന്നം സ്വദേശിയുടെ രണ്ട് ബസുകളിലാണ് ഇവര്‍ പോയത്. പാലക്കാട് ആലത്തൂരിനടുത്ത് ഒരു സ്ഥലത്താണ് നാല്‍പതോളം തൊഴിലാളികളെ ഇറക്കിവിട്ടതെന്ന് ഇവരെ കൊണ്ടുപോയ ബസിലെ ജീവനക്കാരന്‍ പറഞ്ഞു. തിരിച്ച് ബസുമായി മടങ്ങിയപ്പോള്‍ കൃഷിപ്പണിയ്ക്കായാണ് തങ്ങള്‍ ഇവടെയെത്തിയതെന്നും പണികള്‍ കഴിയുമ്പോള്‍ ബസിനായി വിളിക്കാമെന്നും തൊഴിലാളികള്‍ പറഞ്ഞതായും ഇയാള്‍ വെളിപ്പെടുത്തി.


ആലത്തൂർ കുനിശ്ശേരിയിൽ കൊയ്ത്തിനും മറ്റുമായി ചെന്ന തൊഴിലാളികൾ കൂട്ടം കൂടി അലഞ്ഞു നടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. തൊഴിലാളികളുടെ ആരോഗ്യ പശ്ചാത്തലം അറിയില്ലാ എന്നതുകൊണ്ട് ഇവരെ പണിക്കിറക്കുന്നത് നാട്ടുകാർ തടഞ്ഞു. ഇതേതുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കൂടി ഇടപെട്ട് തൊഴിലാളികളെ മറ്റൊരു ബസില്‍ തൊഴിലുടമ തിരിച്ചുകയററി അയച്ചതെന്ന് ആലത്തൂർ പോലീസ് പറഞ്ഞു.


ആലത്തൂരിൽ നിന്നും തിരിച്ചെത്തി താമസിക്കാൻ ഇടമില്ലാതെ വലഞ്ഞ തൊഴിലാളികളെ ഏറ്റെടുക്കാൻ തയ്യാറായി അയർക്കുന്നത്തിനടുത്തുള്ള ഒരു പൈനാപ്പിൾ കർഷകൻ രംഗത്തെത്തി. മണിക്കൂറുകളോളം റോഡരികിലും കടതിണ്ണകളിലും കുത്തിയിരുന്ന തൊഴിലാളികളെ അയർകുന്നം പോലീസും വില്ലേജ് ഓഫീസറും ലേബർ ഓഫീസറും സ്ഥലത്തെത്തി പൈനാപ്പിൾ കർഷകനോടൊപ്പം അയക്കാനുള്ള നടപടികൾ സ്വീകരിച്ചു. പാലക്കാട് പോയി മടങ്ങിയെത്തിയ 35 പേർ ഉൾപ്പെടെ ആസാം സ്വദേശികളായ 52 തൊഴിലാളികളാണ് കൈതതോട്ടത്തിൽ ജോലിക്ക് പോകുവാൻ തയ്യാറായത്.


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K