01 June, 2020 12:13:49 PM


പൊലീസ് ഡ്രൈവർ മണിയൻപിളള 'വിരമിച്ചു'; കൊല്ലപ്പെട്ട് എട്ടു വർഷത്തിനുശേഷം



കൊല്ലം: ഡ്യൂട്ടിയ്ക്കിടെ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിയുടെ കുത്തേറ്റ് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ മണിയൻ പിള്ള സർവീസിൽനിന്ന് 'വിരമിച്ചു'. മരണശേഷവും സർവീസിൽ തുടരുന്നതായി കണക്കാക്കി കുടുംബാംഗങ്ങൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും നൽകിവരികയായിരുന്നു. കൃത്യനിർവ്വഹണത്തിനിടെ കൊല്ലപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ അപൂർവ്വമായ നടപടി സർക്കാർ സ്വീകരിച്ചത്. മകൾ നിഷയ്ക്ക് ആശ്രിതനിയമനമായി ആഭ്യന്തരവകുപ്പിൽതന്നെ ജോലിയും നൽകിയതിന് പുറമെയായിരുന്നു ഇത്.


സർവീസ് റെക്കോർഡ് പ്രകാരം 2020 മെയ് 31 ആണ് മണിയൻപിള്ളയുടെ വിരമിക്കൽ തീയതി. പൊലീസ് അസോസിയേഷൻ നേതാക്കളായ എസ്.ആർ ഷിനോദാസ്, സുരേഷ്, ജിജു. സി. നായർ, ഷഹീർ, വിനോദ് കുമാർ എന്നിവർ മണിയൻപിള്ളയുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് ഉപഹാരം കൈമാറുകയും ചെയ്തിരുന്നു.


2012 ജൂൺ 26ന് പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായിരിക്കെയാണ് മണിയൻ പിള്ള ആട് ആന്‍റണിയുടെ കുത്തേറ്റു മരിച്ചത്. നൈറ്റ് പ്രട്രോളിങ്ങിനിടെയാണ് ആട് ആന്‍റണി പൊലീസ് സംഘത്തിന്‍റെ മുന്നിൽപ്പെട്ടത്. ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മണിയൻപിള്ളയ്ക്ക് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന എസ്.ഐ ജോയിക്കും കുത്തേറ്റു. കുത്തേറ്റു ഗുരതരാവസ്ഥയിലായ മണിയൻപിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നു മൂന്നരവർഷത്തിനുശേഷമാണ് പിടിയിലായആട് ആന്‍റണിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K