31 May, 2020 08:41:40 PM


'അവസാന ദിനത്തിന്‍റെ തുടക്കവും, ഉറക്കവും': ജേക്കബ് തോമസിന്‍റെ വിരമിക്കല്‍ ഇവിടെനിന്ന്



പാലക്കാട്: "സിവിൽ സർവീസ് - അവസാന ദിനത്തിന്‍റെ തുടക്കവും, ഉറക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ". പോലീസ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി മെറ്റല്‍ ആന്‍ഡ് സ്റ്റീല്‍സില്‍ എംഡി ആയി മൂലയ്ക്കിരുത്തപ്പെട്ട ഡോ.ജേക്കബ് തോമസ് ഐപിഎസ് തന്‍റെ  സര്‍വീസിലെ അവസാനദിവസത്തിന്‍റെ ചിത്രം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് മലയാളികളെ ഒരര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.


തന്നെ ഓടിച്ചിട്ട് ആക്രമിക്കുന്ന സര്‍ക്കാരിനോടുള്ള ഒരു പ്രതിഷേധം ഇതിനോടകം പല വിധത്തില്‍ പ്രകടമാക്കിയ ജേക്കബ് തോമസ് വിരമിച്ചതാകട്ടെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ പോലെ 'അടിപൊളി' ഓഫീസില്‍ നിന്നല്ല. ഓഫീസും കിടപ്പുമുറിയും എല്ലാം ഒരു ഇടുങ്ങിയ മുറിയില്‍. ഇന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം നല്ല ബെഡില്‍ എസി മുറികളില്‍ ആഡംബരമായി കിടന്നുറങ്ങിയപ്പോള്‍ ജേക്കബ് തോമസ് തന്‍റെ സര്‍വ്വീസിലെ അവസാനദിവസം ഉറക്കമെഴുന്നേറ്റത് നിലത്തുവിരിച്ച ബെഡ്ഷീറ്റില്‍ നിന്ന്. ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ ചിത്രത്തില്‍ നിന്നു തന്നെ മനസിലാക്കാം അദ്ദേഹം എത്രമാത്രം പീഡനം ഏറ്റുവാങ്ങിയിരുന്നുവെന്ന്.


സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിപിയായിരുന്ന ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തിയത്.  മെയ് 31 ന് വിരമിക്കാനിരിക്കെയായിരുന്നു കഴിഞ്ഞ ജനുവരിയില്‍ ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. അനുമതിയില്ലാതെ പുസ്തകമെഴുതിയത് അച്ചടക്ക ലംഘനമാണെന്നാണ് നോട്ടീസില്‍ ചൂണ്ടികാട്ടിയത്. സര്‍ക്കാരും ജേക്കബ് തോമസും തമ്മിലുള്ള തര്‍ക്കത്തിന്‍റെ ഭാഗമായാണ് ഈ തരംതാഴ്ത്തലിനെ ഏവരും നോക്കികണ്ടത്. 


പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് പിന്നീട് സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്കെത്തിയത് മന്ത്രി ജയരാജനെതിരെ നടപടി എടുത്തതോടെയാണ്. ഓഖി ദുരന്തത്തിന് പിന്നാലെ നടത്തിയ പരാമര്‍ശത്തോടെ സര്‍ക്കാരുമായി ജേക്കബ് തോമസ് കൂടുതല്‍ അകന്നു. ഇതിന് പിന്നാലെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പേരില്‍ വിവിധ വകുപ്പുകള്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുന്ന പുസ്തകമെഴുതിയതാണ് അച്ചടക്ക നടപടിക്ക് കാരണമായത്. 


ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരേ തരംതാഴ്ത്തല്‍ നടപടിയുണ്ടായത് ആദ്യമായാണ്. നിലവില്‍ സര്‍വീസിലുള്ള ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ജേക്കബ് തോമസിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.  തമിഴ്നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങി എന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K