31 May, 2020 04:22:48 PM


ലോക്ക് ഡൗണിൽ മദ്യപിച്ച് കറങ്ങുന്നതിനിടെ വാഹനാപകടം: കറുകച്ചാൽ സിഐ ഒളിവിൽ



 
കൊല്ലം: മദ്യപിച്ച് കൂട്ടുകാരുമൊത്ത് കറങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച സംഭവത്തില്‍ കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.സലിം ഒളിവില്‍. സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല. രക്ഷപെടാനുള്ള വെപ്രാളത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിഐക്കും സുഹൃത്തുക്കള്‍ക്കും എതിരെ കൊട്ടിയം, ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. ലോക്ഡൌണ്‍ കാലയളവില്‍ അനധികൃത അവധിയെടുത്ത് കറങ്ങുന്നതിനിടെയുണ്ടായ സംഭവത്തില്‍ സലിം മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 


മേയ് 26 ന് രാത്രി ഒൻപതരയോടെ സലിമും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ദേശീയ പാതയിൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞതോടെ സലിമും സുഹൃത്തുക്കളും കാറുമായി സ്ഥലത്തു നിന്നും രക്ഷപെട്ടു. സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരത്തെതുടര്‍ന്ന് കൊട്ടിയം ജംഗ്ഷനിൽ കൺട്രോൾ റൂം പൊലീസ് സംഘം വാഹനം തടഞ്ഞു. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ സലിമും കൂട്ടുകാരും കൺട്രോൾ റൂം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവം കൂടുതല്‍ ഗുരുതരമായത്.


സ്ഥലത്തെത്തിയ കൊട്ടിയം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു.  സലിമിന്‍റെ ഒപ്പമുണ്ടായിരുന്ന കൊട്ടിയം സ്വദേശി നവാസ്, ഉമയനല്ലൂര്‍ സ്വദേശി അജിത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാഹനമോടിച്ചത് അബ്ദുള്‍ റഷീദ് എന്നായാളായിരുന്നു. മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിന് 279 വകുപ്പ് പ്രകാരം കേസ് എടുത്ത ചാത്തന്നൂര്‍ പോലീസ് അബ്ദുള്‍ റഷീദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പോലീസിന്‍റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും അസഭ്യം ചൊരിയുകയും ചെയ്തതിനാണ് സലിമിനെതിരെ കേസെടുത്തിട്ടുള്ളത്. 


കൊട്ടിയത്താണ് സലിമിന്‍റെ ഭാര്യവീട്. സംഭവസ്ഥലത്തു നിന്നും രക്ഷപെട്ട പത്തനതിട്ട സ്വദേശിയായ ഇന്‍സ്പെക്ടര്‍ സലിം ഒളിവിലാണെന്നും ഇയാളെകുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ കെ.ദിലീഷ് കൈരളി വാര്‍ത്തയോട് പറഞ്ഞു. അനധികൃതമായി അവധിയെടുത്തു മുങ്ങുകയും, മദ്യപിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായിട്ടും കോട്ടയം ജില്ലയിലെ ഈ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കാൻ  പൊലീസ് മേധാവികളും തയ്യാറായിട്ടില്ല. ഇതിനിടെ സലിമിനെതിരെ നടപടി ഒഴിവാക്കാനുള്ള നീക്കം ഉന്നത തലത്തിൽ നിന്നും നടക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K