31 May, 2020 12:07:18 AM


സ്രാവുകൾക്കൊപ്പം നീന്തിയതിന്‍റെ മുറിവുകളുമായി ജേക്കബ് തോമസ് പടിയിറങ്ങുന്നു



പാലക്കാട്: സ്രാവുകൾക്കൊപ്പം നീന്തിയതിന്‍റെ മുറിവുകളുമായാണ് ജേക്കബ് തോമസ് എന്ന ഐപിഎസുകാരൻ പടിയിറങ്ങുന്നത്. ഐപിഎസുകാരനായിട്ടും കാക്കിയിട്ടതിനേക്കാൾ കൂടുതൽ സർക്കാർ സ്ഥാപനങ്ങളുടെ തലവനായിട്ടാണ് 1985 ബാച്ചുകാരനായ ജേക്കബ് തോമസ് വേഷമിട്ടത്. ബാർകോഴ കേസിൽ കെ.എം മാണിയെ കുരുക്കിയ ജേക്കബ് തോമസ് പിണറായി സർക്കാർ അധികാരത്തിൽ വന്ന ആദ്യനാളുകളിൽ വിജിലൻസ് ഡയറക്ടർ പദവിയിലെത്തി. മന്ത്രി ഇ.പി ജയരാജനെതിരെ കേസ് എടുത്തതോടെ സർക്കാരും ജേക്കബ് തോമസും അകന്നു. 


രണ്ടു ചീഫ് സെക്രട്ടറിമാർക്കെതിരെയും അന്വേഷണം നടത്തി. ഇതോടെ  സർക്കാരിന്‍റെ കണ്ണിലെ കരടായി. 2017 ഡിസംബറിൽ ഓഖി ബാധിതരെ സർക്കാർ അവഗണിച്ചെന്ന് പൊതുചടങ്ങിൽ പ്രസംഗിച്ചതോടെ സസ്പെൻഷനിലായി. തുറന്നുപറച്ചിൽ വിവാദമായതോടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പേരിൽ അന്വേഷണം നേരിട്ടു. ഇതിനിടെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥയിൽ സർക്കാരിനെ വിമർശിച്ച് വീണ്ടും സസ്പെൻഷനിലായി. ഒടുവിൽ ഷൊർണൂരിൽ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി അപ്രധാന പദവിയിൽ സർക്കാ‌ർ നിയമിച്ചു. ചുമതല ഏറ്റെടുക്കാനെത്തിയ ദിവസവും ജേക്കബ് തോമസ് സർക്കാരിനെ വിമിർശിച്ചിരുന്നു. 


ജോലിയിൽ തിരികെ എത്തിയെങ്കിലും സർക്കാർ ശബളം നൽകാൻ തയ്യാറായില്ല. അതിനായി മറ്റൊരു നിയമ പോരാട്ടം നടത്തേണ്ടി വരുമെന്നാണ് ജേക്കബ് തോമസ് കരുതുന്നത്. മനംമടുത്ത് സ്വയം വിരമിക്കൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. ഡിജിപി സ്ഥാനത്ത് നിന്ന് തരം താഴ്ത്താനും അനുമതിയില്ലാതെ പുസ്തകം എഴുതിയതിന്‍റെ പേരിൽ പ്രോസിക്യൂട്ട് ചെയ്യാനും സർക്കാർ തീരുമാനിച്ചിരുന്നു. അനധികൃതസ്വത്ത് സമ്പാദന കേസിൽ സ്റ്റേ ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളി. ഒടുവിൽ പടിയിറങ്ങുമ്പോൾ കുരുക്കുകൾ മുറുകുമോ അതോ... കൂടുതൽ തുറന്നു പറച്ചിലുകൾ നടത്തി സ്രാവുകളെ ചൂണ്ടയില്‍ കുരുക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K