27 May, 2020 11:33:53 AM


വിശ്വാസ് മെഹ്ത്ത പുതിയ ചീഫ് സെക്രട്ടറി; ടോം ജോസ് 31 ന് വിരമിക്കും



തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മെഹ്ത്തയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. വിശ്വാസ് മെഹ്ത്ത. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 1986 ബാച്ച് ഐഎഎസ് കാരനാണ് ഡോ. വിശ്വാസ് മെഹ്ത്ത. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി 19വരെ സര്‍വീസുണ്ട്.


സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ വിശ്വാസ് മേഹ്ത്ത. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് ഇദ്ദേഹം. 1984 ബാച്ചിലെ അനന്തകുമാര്‍, 1985 ബാച്ചുകാരായ ഡോ. അജയകുമാര്‍, ഡോ. ഇന്ദ്രജിത് സിങ് എന്നിവരാണ് വിശ്വാസ് മേത്തയെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. മൂവരും കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറി പദവിയിലുള്ളവരാണ്. ഇന്ദ്രജിത് സിങ്ങിനും അനന്തകുമാറിനും ഓരോ വര്‍ഷത്തെയും ഡോ. അജയകുമാറിന് രണ്ടുവര്‍ഷത്തെയും സര്‍വീസ് ശേഷിക്കുന്നുണ്ട്. ഇവര്‍ മൂന്നുപേരും കേരളത്തിലേക്ക് വരാന്‍ താല്‍പര്യം കാട്ടാത്തതിനാലാണ് വിശ്വാസ് മേഹ്ത്തയെ നിയമിച്ചത്.

1984 ബാച്ച് ഐഎഎസ് ഓഫീസറായ ടോം ജോസ് 2018 ജൂലൈയിലാണ് സംസ്ഥാനത്തിന്റെ 45ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിനെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചേക്കുമെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K