24 May, 2020 07:44:54 AM


പ്രതിസന്ധികള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്ന് 75-ാം പിറന്നാള്‍



തിരുവനന്തപുരം: കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സംസ്ഥാനത്തിന്‍റെ ഭരണചക്രത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന അദ്ദേഹം കോവിഡ് ഉള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികളെയാണ് ഈ പിറന്നാള്‍ ദിനത്തില്‍ നേരിടുന്നത്. 


2016 മേയ് 16-ന് നടന്ന കേരളത്തിന്റെ പതിനാലാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ ധർമ്മടം നിയമസഭാമണ്ഡത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി നിന്ന് മത്സരിച്ച പിണറായി വിജയൻ എതിർ സ്ഥാനാർത്ഥിയായ ഐക്യ ജനാധിപത്യ മുന്നണിയുടെ മമ്പറം ദിവാകരനെ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു. മേയ് 20-ന് പിണറായി വിജയനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പാർട്ടി പ്രഖ്യാപിച്ചു. 2016 മേയ് 25ന് ഇദ്ദേഹം അധികാരമേറ്റു. അങ്ങനെ, കേരളത്തിൽ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാകുന്ന വ്യക്തിയായി പിണറായി വിജയൻ. ആഭ്യന്തരം, വിജിലൻസ്, ഐ ടി, യുവജനക്ഷേമം, അച്ചടി, എന്നീ വകുപ്പുകളുടെ ചുമതലയും കൈകാര്യം ചെയ്യുന്നു.


നിലവിൽ സി.പി.ഐ.(എം)ന്റെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ, 1998 മുതൽ 2015 വരെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരളത്തിൽ ഏറ്റവും അധികം കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളതും പിണറായി വിജയനാണ്. കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയൻ സി.പി.ഐ.(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാരനായിരുന്നു.


1970ൽ, 26-ാമത്തെവയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂരിലെ തിരഞ്ഞെടുപ്പിൽ അന്നുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു. ഈ കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, കേരള സംസ്ഥാന വൈദ്യുതി ബോർഡ്ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു.


ജീവിത രേഖ


കണ്ണൂർ ജില്ലയിലെ പിണറായിയിൽ തൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി ഇടത്തരം കർഷക കുടുംബത്തിൽ കെ.വിജയൻ എന്ന പിണറായി വിജയൻ 1944 മേയ് 24-ന്‌ ജനിച്ചു. കുമാരനും നാണുവും ജ്യേഷ്ഠൻമാരാണ്. അമ്മയുടെ പതിനാലാമത്തെ കുട്ടിയായിരുന്നു. പതിനൊന്ന് പേർ മരിച്ചു പോയത്രേ. പിണറായി ശാരദാവിലാസം എൽപി സ്കൂളിലും, പെരളശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. പിണറായിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബി.എ. സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയായി. തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവർ മക്കൾ.

രാഷ്ട്രീയ പ്രവർത്തനം


കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ സാന്നിധ്യം ഉള്ള കണ്ണൂർ ജില്ലയിലാണ് പിണറായി വിജയൻ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ രംഗത്തുകൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്തു എസ്.എഫ്.ഐയുടെ ആദ്യ രൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെ.എസ്.എഫ്) കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ-യുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെയും സംസ്ഥാനതല നേതാവായിരുന്നു.


1967ൽ സി.പി.ഐ.(എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1972ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1986ൽ ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1998 സപ്തംബറിൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. പത്തു വർഷത്തോളം പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചു. 2002-ൽ പോളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26ന് പോളിറ്റ് ബ്യൂറോയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു. പിന്നീട്‌ 2007 ഒക്ടോബർ ഒന്നിന് പിണറായി വിജയനേ പോളിറ്റ് ബ്യൂറോയിൽ തിരിച്ചെടുത്തു. 2012 ഫെബ്രുവരി 10ന് ഇദ്ദേഹം വീണ്ടും സി.പി.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K