21 May, 2020 09:37:01 PM


എറണാകുളത്ത് 9 കോവിഡ് രോഗികള്‍; 13000 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യംകൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 1323 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 202 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 5879 ആയി. ഇതിൽ 170 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും 5709 പേർ ലോ റിസ്ക് വിഭാഗത്തിലുമാണെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.


എറണാകുളം – 4, പാലക്കാട് – 2, കൊല്ലം – 1, ഉത്തർപ്രദേശ് - 1, തൃശൂർ - 1 എന്നിങ്ങനെ ആകെ 9 പേരാണ് ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്ന് 14 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 40 ആണ്. 


കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 23 വയസ്സുള്ള മലപ്പുറം സ്വദേശിയായ യുവാവിനെ രോഗമുക്തി നേടിയതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. മെയ് 7 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അബുദാബി കൊച്ചി വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മെയ് 9 ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.


ഇന്ന് ജില്ലയിൽ നിന്നും 107 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 101 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ രണ്ടെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 130 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്. പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള സെന്‍റിനൽ സർവൈലൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഡെസിഗ്നേറ്റെഡ് മൊബൈൽ കളക്ഷൻ ടീം കോവിഡ് കെയർ സെന്ററുകളിൽ നിന്ന് ഇന്ന് 42 സാമ്പിളുകൾ ശേഖരിച്ചു. ഇത്തരത്തിൽ ഇത് വരെ 130 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതിൽ 60 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതെല്ലം നെഗറ്റീവ് ആണ്.


ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 657 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 46 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി. ഇന്ന് 461 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 303 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ, തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. 


ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 123 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 149 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 74 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല. വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4847 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.


ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൊച്ചി നഗര സഭ പ്രദേശത്ത് ഇന്ന് 279 സ്ഥാപനങ്ങൾ പരിശോധിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചു എന്ന് കണ്ടെത്തിയ 2 സ്ഥാപങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു.


ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 72 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ വിവിധ സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്ന 177 പേരെയും ടെലി ഹെൽത്ത് ഹെൽപ് ലൈനിൽ നിന്നും വിളിച്ചു ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ തുടർ നിരീക്ഷണം വേണ്ടത് എന്നു ബോധ്യപ്പെട്ട രണ്ട് പേരെ ഫോളോ അപ്പ് ചെയ്യുവാൻ തീരുമാനിച്ചു.


വീടുകളിൽ നിരീക്ഷണത്തിലുള്ള 111 ഗർഭിണികളുടെ ആരോഗ്യ വിവരങ്ങൾ ആരോഗ്യപ്രവത്തകർ ഫോൺ വഴി ശേഖരിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ജില്ലാ കൺട്രോൾ റൂമിൽ നിന്നും, ഐ എം എ ഹൌസിൽ പ്രവർത്തിക്കുന്ന ടെലിമെഡിസിൻ സംവിധാനത്തിലൂടെയും സേവനം ലഭ്യമാക്കിവരുന്നു. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലുള്ള 395 മുതിർന്ന പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ പാലിയേറ്റീവ് കെയർ നഴ്സുമാർ ഫോൺ വഴി ശേഖരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കേരള മെഡിക്കൽ സർവീസസ് ലിമിറ്റഡ് ഫെബ്രുവരി മുതൽ മെയ് വരെ ഭാഗമായി ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് 22463 പി പി ഇ കിറ്റുകളും 41942 എൻ 95 മാസ്കുകളും, 77350 ഹാൻഡ് സാനിറ്റൈസറുകളും 319425 ത്രീ ലയർ മാസ്കുകളും. 226788 ഡബിൾ ലയർ മാസ്കുകളും, 452666 ഗ്ലൗസുകളും വിതരണം ചെയ്തു. ജില്ലയിലെ 19 കോവിഡ് കെയർ സെന്ററുകളിലായി 856 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ 28 പേർ പണം നൽകി ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്‍ററുകളിൽ നിരീക്ഷണത്തിലുണ്ട്.


ജില്ലയില്‍ 13000 പേരെ കിടത്തി ചികിത്സിക്കാന്‍ സൌകര്യം


കോവിഡുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് ചികിത്സ ആവശ്യമായി വന്നാൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ സജ്ജം. ആകെ 13000 പേരെ കിടത്തി ചികിത്സിക്കാനാണ് ജില്ലയിൽ സൗകര്യമുള്ളത്. ഇതിൽ 7636 കിടക്കകൾ നിലവിൽ ഒഴിവുണ്ട്. കളക്ടറേറ്റിൽ മന്ത്രി വി.എസ് സുനിൽ കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗമാണ് ജില്ലയിലെ സാഹചര്യം വിലയിരുത്തിയത്.


ജില്ലയിലാകെ 1269 ഐ.സി. യുകളും 373 വെന്റിലേറ്ററുകളുമുണ്ട്. ഇതിൽ 672 ഐ. സി. യുകളും 284 വെന്റിലേറ്ററുകളും ജില്ലയിൽ നിലവിൽ ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കുന്നവർക്ക് അതിന് സൗകര്യമൊരുക്കണമെന്ന് മന്ത്രി നിർദേശം നൽകി. അല്ലാത്തവർക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ സൗകര്യമൊരുക്കണം. അതുമല്ലാത്തവരെ മാത്രമേ കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കാവു.


നിരീക്ഷണത്തിൽ കഴിയുന്നവരോ അവരുടെ കുടുംബാംഗങ്ങളോ രോഗ ലക്ഷണവുമായി ആശുപത്രിയിൽ എത്തിയാൽ അവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് സാമ്പിളുകൾ ശേഖരിക്കണം. ഫലം പോസിറ്റീവ് ആയാൽ ഐസൊലേഷൻ റൂമുകളിൽ ചികിത്സ ഉറപ്പാക്കണം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നിലവിൽ ദിവസേന 150 സാമ്പിളുകൾ വരെ പരിശോധിക്കാൻ സാധിക്കും. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി കോവിഡ് കെയർ സെന്ററുകളിൽ നിന്ന് ശരാശരി 30പേരുടെയും മറ്റുള്ളവരിൽ നിന്ന് 20 പേരുടെയും സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.Share this News Now:
  • Google+
Like(s): 3.7K