21 May, 2020 06:43:28 PM


പുതിയ കാര്‍ഡുകള്‍ ഇ-പോസില്‍ 'കയറി'യില്ല; സംസ്ഥാനത്ത് റേഷന്‍ - കിറ്റ് വിതരണം നിലച്ചു

- സ്വന്തം ലേഖകന്‍



തിരുവനന്തപുരം: 24 മണിക്കൂറിനകം റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്ന പദ്ധതി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താതായതോടെ സംസ്ഥാനത്ത് റേഷന്‍വിതരണവും സൌജന്യപലവ്യഞ്ജന കിറ്റ് വിതരണവും നിലച്ചു. ഇന്നലെ ഉച്ചയോടെ റേഷന്‍ കടകള്‍ അടച്ചു. പുതിയ കാര്‍ഡ് ലഭിച്ചവരുടെ വിവരങ്ങള്‍ ഇലക്ട്രോണിക് പോയിന്‍റ് ഓഫ് സെയിൽ (ഇ–പോസ്) സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് എടുത്ത കാലതാമസമാണ് പ്രശ്നത്തിന് കാരണമായത്.   


പലവ്യഞ്ജന കിറ്റുകൾ മെയ് 21 വരെ റേഷൻ കടകളിൽ തന്നെ വിതരണം തുടരുമെന്നാണ് സര്‍ക്കാര്‍ ഏറ്റവുമവസാനം അറിയിച്ചിരുന്നത്. റേഷൻ കടകളിൽ ഉണ്ടായിട്ടുള്ള തിരക്ക് പരിഗണിച്ചായിരുന്നു വിതരണക്രമത്തിന്‍റെ സമയപരിധി ദീർഘിപ്പിച്ചത്. അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭിക്കുന്ന പദ്ധതി പ്രകാരം മെയ് 19 വരെ 17000 കുടുംബങ്ങൾക്ക് പുതിയ കാർഡ് നൽകിയിരുന്നു. അവർക്കും റേഷനും പലവ്യഞ്ജന കിറ്റും മെയ് 21ന് ലഭ്യമായിതുടങ്ങുമെന്നായിരുന്നു അറിയിപ്പ്.  


പുതിയ കാര്‍ഡ് ലഭിച്ചവരുടെ വിവരങ്ങള്‍ ഇതുവരെ ഇ പോസ് യന്ത്രത്തില്‍ ഉള്‍ക്കൊള്ളിക്കാത്തതിനാല്‍ ഇക്കൂട്ടര്‍ക്ക് സര്‍ക്കാര്‍ പറഞ്ഞപ്രകാരം റേഷനും കിറ്റും ലഭ്യമായില്ല. നിരവധി ആളുകളാണ് ഇന്നലെ രാവിലെ കിറ്റിനും റേഷനുമായി കടകളില്‍ തിങ്ങികൂടിയത്. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർ റേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള താലൂക്ക് സപ്ലൈ ഓഫീസറുടെയോ റേഷനിംഗ് ഇൻസ്‌പെക്ടറുടെയോ ഔദ്യോഗിക ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ടായിരുന്നു. താലൂക്ക് ഓഫീസിലേക്ക് നിലക്കാതെ ഫോണ്‍വിളികളെത്തിതുടങ്ങിയതോടെ ഉദ്യോഗസ്ഥരും വലഞ്ഞു.


വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന്‍റെ ഭാഗമായി 11.30 മണിയോടെ ഇ-പോസ് യന്ത്രം നിശ്ചലമായി. ഇതോടെ പഴയ റേഷന്‍ കാര്‍ഡുടമകള്‍ക്കും കിറ്റും റേഷനും വിതരണം ചെയ്യാനാവാത്ത അവസ്ഥയായി. ഉച്ചകഴിയുമ്പോള്‍ ശരിയാവുമെന്ന അറിയിപ്പ് ഉണ്ടായതോടെ അടച്ച കടകള്‍ 2 മണിക്ക് വീണ്ടും തുറന്നു. പക്ഷെ ഫലമുണ്ടായില്ല. ഇ-പോസ് യന്ത്രത്തിലൂടെയേ റേഷന്‍ വിതരണം നടക്കൂ എന്നതിനാല്‍ കടയുടമകള്‍ക്കും ഒന്നും ചെയ്യാനാവുമായിരുന്നില്ല. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ കടകള്‍ തുറക്കേണ്ട എന്ന അറിയിപ്പ് പിന്നാലെ എത്തിയതോടെ റേഷന്‍ കടകള്‍ അടയ്ക്കുകയായിരുന്നു.


പുതിയ റേഷന്‍ കാര്‍ഡുടമകളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത ശേഷം റേഷന്‍ വിതരണം പുനരാരംഭിച്ചാല്‍ മതിയെന്നാണ് കടയുടമകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇ-പോസ് പ്രവര്‍ത്തനം നിലച്ചതിന്‍റെ അടിസ്ഥാനത്തില്‍ കിറ്റ് വിതരണം മെയ് 26 വരെ ദീര്‍ഘിപ്പിച്ചതായി ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നറിയിച്ചു. മെയ് 15 വരെ റേഷന്‍കാര്‍ഡിനപേക്ഷിച്ചവരുടെ വിവരങ്ങള്‍ സോഫ്റ്റുവെയറില്‍ അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് റേഷന്‍ ലഭ്യമായി തുടങ്ങുമെന്നും മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K