18 May, 2020 09:29:07 PM


കോഴിക്ക്‌ ശസ്‌ത്രക്രിയ: വയറ്റിൽനിന്ന്‌ മുഴ പുറത്തെടുത്തു; താരമായി ഡോ.ദീപു




ചെങ്ങന്നൂർ: മുറ്റത്തും പറമ്പിലും ഓടിനടക്കുകയും മുട്ടയിടുകയും ചെയ്‌തിരുന്ന കോഴി ക്രമേണ നടക്കാൻ ബുദ്ധിമുട്ടുന്നത്‌ കണ്ടാണ് ബാലകൃഷ്ണൻ ശ്രദ്ധിച്ചു തുടങ്ങിയത്. തൂക്കംകൂടിയതാണെന്ന്‌ ആദ്യം കരുതി. പക്ഷെ ഒട്ടും നടക്കാതായതോടെ ചികിത്സയുടെ വഴി ആലോചിച്ചു മാന്നാർ സ്വദേശി ബാലകൃഷ്‌ണൻ. അങ്ങിനെയാണ് ചെങ്ങന്നൂർ വെറ്ററിനറി പോളി ക്ലിനിക്കിൽ എത്തി സീനിയർ സർജൻ ഡോ. ദീപു ഫിലിപ്പ് മാത്യുവിനെ കാണുന്നത്.


കോഴിയുടെ വയറ്റിൽ വലിയമുഴ വളർന്നത്‌ പരിശോധനയിൽ കണ്ടെത്തി. ഗർഭാശയത്തിന്റെ ഭാഗമായ ഇൻഫണ്ടിബുലത്തിന് അടുത്തുള്ള മുഴയ്‌ക്ക്‌ 890 ​ഗ്രാം ഭാരമുണ്ട്‌. രണ്ടുവയസുള്ള നേക്കഡ് നെക്ക് കോഴി മുട്ടയുല്‍പ്പാ​ദനം നിലച്ചിട്ട് നാളുകളായെങ്കിലും കോഴിയെ മരണത്തിന് വിട്ടുകൊടുക്കാന്‍ ബാലക‌ൃഷ്‌ണന്‍ തയ്യാറായില്ല. ശസ്‌ത്രക്രിയ നടത്തി കോഴിയുടെ ജീവൻ രക്ഷിക്കണമെന്ന ബാലകൃഷ്‌ണന്റെ അഭ്യര്‍ഥനയിൽ സ്‌നേഹവും സഹാനഭൂതിയും കണ്ട സീനിയർ സർജൻ ഡോ. ദീപു ഫിലിപ്പ് മാത്യു ശസ്‌ത്രക്രിയ നടത്താൻ തന്നെ തീരുമാനിച്ചു.



അങ്ങിനെ കോഴിക്കായി 'ഓപ്പറേഷൻ തീയറ്റർ' ഒരുങ്ങി. ഒന്നര മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയക്ക്‌ ഒടുവില്‍ മുഴ പുറത്തെടുത്തു. ജനറൽ അനസ്‌തീഷ്യ നൽകിയായിരുന്നു ശസ്‌ത്രക്രിയ. മുഴ മുറിച്ചപ്പോഴാണ് പല ദിവസങ്ങളിലെ മുട്ടയുടെ ഉണ്ണികൾ കൂടിച്ചേർന്നതായി കണ്ടെത്തി. ശസ്‌ത്രക്രിയക്കു ശേഷം 1 കിലോ തൂക്കം കുറയുകയും ചെയ്തു. രക്ഷപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്ന കോഴിയാകട്ടെ മൂന്നു ദിവസത്തിന് ശേഷം  ഏവരെയും അത്ഭുതപ്പെടുത്തി  ജീവിതത്തിലേക്ക്‌ തിരികെയെത്തുകയും ചെയ്തു.
     



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K