15 May, 2020 04:55:53 PM


കാർഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍



ദില്ലി: കൊറോണ വൈറസ് ബാധയെ തുടർന്ന് തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്ന പദ്ധതികളുടെ രൂപരേഖയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിലുള്ളത്. ഇന്ന് പ്രഖ്യാപിച്ച പാക്കേജുകൾ കാർഷിക  അനുബന്ധ മേഖലകളുടെ  ഉത്തേജനം ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ നിർമ്മല സിതാരാമൻ പറഞ്ഞു.

'വൺ നാഷണൽ വൺ റേഷൻ കാർഡ്' പദ്ധതി ആരംഭിക്കുമെന്ന് വ്യാഴാഴ്ച ധനമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തേക്ക് റേഷൻ കാർഡുകളില്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുമെന്നും അറിയിച്ചിരുന്നു. കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനു വേണ്ടി 11 പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതില്‍ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായി ബന്ധപ്പെട്ടതും മൂന്നെണ്ണം ഭരണനിര്‍വഹണമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ലോക്ക്ഡൗണ്‍ കാലത്ത് താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ 74,300 കോടി രൂപയിലധികം നല്‍കി കാർഷിക ഉല്‍പന്നങ്ങള്‍ വാങ്ങിയെന്നും മന്ത്രി പറഞ്ഞു. പി.എം. കിസാന്‍ ഫണ്ടിലൂടെ 18,700 കോടി രൂപയും പി.എം. ഫസല്‍ ബീമാ യോജന പ്രകാരം 64,000 കോടി രൂപയുമാണ് കൈമാറിയതെന്നും മന്ത്രി അറിയിച്ചു.

ലോക്ക്ഡൗണ്‍ കാലയളവില്‍ പാലിന്റെ ആവശ്യകതയില്‍ 20-25 ശതമാനം കുറവുണ്ടായി. പ്രതിദിനം 560 ലക്ഷം ലിറ്റര്‍ പാല്‍ സഹകരണസംഘങ്ങള്‍ വഴി സംഭരിച്ചപ്പോള്‍ പ്രതിദിനം 360 ലക്ഷം ലിറ്റര്‍ പാലാണ് വിറ്റത്. 4,100 കോടി രൂപ നല്‍കി അധികം വന്ന 111 കോടി ലിറ്റര്‍ പാല്‍ സംഭരിച്ചു. ക്ഷീര സഹകരണങ്ങള്‍ക്ക് രണ്ടുശതമാനം വാര്‍ഷിക പലിശയില്‍ വായ്പ ലഭ്യമാക്കും.  രണ്ടുകോടിയോളം ക്ഷീരകര്‍ഷര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അയ്യായിരം കോടിയുടെ അധിക പണലഭ്യത മേഖലയിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യബന്ധന വികസനത്തിന് 20,000 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പാദന്‍ യോജന നടപ്പാക്കും. ഇതില്‍ 11,000 കോടി സമുദ്ര-ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്കും അക്വാ കള്‍ച്ചറിനും വകയിരുത്തിയിട്ടുണ്ട്. 9000 കോടി രൂപ ഹാര്‍ബറുകളുടെയും ശീതകരണ ശൃഖംലയുടെയും മാര്‍ക്കറ്റുകളുടെയും അടിസ്ഥാന സൗകര്യവികസനത്തിന് കൈമാറും. 55 ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടിയുടെ ഫണ്ട് വകയിരുത്തി. മൃഗങ്ങളിലെ കുളമ്പുരോഗം(ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ്), ബാക്ടീരിയ ജന്യയോഗം(ബ്രൂസെല്ലോസിസ്) എന്നിവ നിര്‍മാര്‍ജനം ചെയ്യുന്നതിന് 1,343 കോടിയുടെ നാഷണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി അസംഘടിത മേഖലയിലെ മൈക്രോ ഫുഡ് എന്റര്‍പ്രെസസ(എം.എഫ്.ഇ.)നു വേണ്ടി 10,000 കോടിയുടെ പദ്ധതി നടപ്പാക്കും. എഫ്.എസ്.എസ്.എ.ഐ.യുടെ അംഗീകാരം ലഭിക്കുന്നതിനും ബ്രാന്‍ഡിങ്ങിനും വില്‍പനയ്ക്കും എം.എഫ്.ഇ.കള്‍ക്ക് സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. രണ്ടുലക്ഷം മൈക്രോ ഫുഡ് എന്റര്‍പ്രൈസസിന് ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.


  • #    താങ്ങു വിലയുടെ അട‌ിസ്ഥാനത്തിൽ ലോക്ക് ഡൗൺകാലത്ത് 74,300 കോടി കാർഷിക ഉൽപന്നങ്ങളാണ് കേന്ദ്ര സർക്കാർ വാങ്ങിയത്.
  • #    പി.എം. കിസാന്‍ ഫണ്ടിലൂടെ 18,700 കോടി രൂപയും പി.എം. ഫസല്‍ ബീമാ യോജന പ്രകാരം 64,000 കോടി രൂപയുമാണ് കൈമാറിയത്.
  • #    കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി  ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു.
  • #    ലോക്ക്ഡൗണ്‍ കാലയളവില്‍ പാലിന്റെ ആവശ്യകതയില്‍ 20-25 ശതമാനം കുറവുണ്ടായി.  ക്ഷീര സഹകരണങ്ങള്‍ക്ക് രണ്ടുശതമാനം വാര്‍ഷിക പലിശയില്‍ വായ്പ ലഭ്യമാക്കും. ഇതിലൂടെ അയ്യായിരം കോടിയുടെ അധിക പണലഭ്യത മേഖലയിലുണ്ടാകും.
  • #    മൈക്രോ ഫുഡ് എന്റര്‍പ്രെസസ(എം.എഫ്.ഇ.)നു വേണ്ടി 10,000 കോടിയുടെ പദ്ധതി നടപ്പാക്കും. എഫ്.എസ്.എസ്.എ.ഐ.യുടെ അംഗീകാരം ലഭിക്കുന്നതിനും ബ്രാന്‍ഡിങ്ങിനും വില്‍പനയ്ക്കും എം.എഫ്.ഇ.കള്‍ക്ക് സാങ്കേതിക നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. രണ്ടുലക്ഷം മൈക്രോ ഫുഡ് എന്റര്‍പ്രൈസസിന് ഗുണം ചെയ്യും.
  • #    മൃഗസംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടിയുടെ ഫണ്ട് വകയിരുത്തി.
  • #    മൃഗങ്ങളിലെ കുളമ്പുരോഗം(ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ്), ബാക്ടീരിയ ജന്യയോഗം(ബ്രൂസെല്ലോസിസ്) എന്നിവ നിര്‍മാര്‍ജനം ചെയ്യുന്നതിന് 1,343 കോടിയുടെ നാഷണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പദ്ധതി പ്രഖ്യാപിച്ചു.
  • #    മത്സ്യബന്ധന വികസനത്തിന് 20,000 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പാദന്‍ യോജന നടപ്പാക്കും. ഇതില്‍ 11,000 കോടി സമുദ്ര-ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്കും അക്വാ കള്‍ച്ചറിനും വകയിരുത്തിയിട്ടുണ്ട്.
  • #    9000 കോടി രൂപ ഹാര്‍ബറുകളുടെയും ശീതകരണ ശൃഖംലയുടെയും മാര്‍ക്കറ്റുകളുടെയും അടിസ്ഥാന സൗകര്യവികസനത്തിന് കൈമാറും. 55 ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K