14 May, 2020 09:31:19 PM


കഞ്ചാവ് പ്രതിയെ പിടികൂടിയ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍



തൃശ്ശൂർ: ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് പ്രതിയെ പിടികൂടിയ ചാവക്കാട് റേഞ്ച് എക്സൈസിലെ അഞ്ച് എക്സെസ് ഉദ്യോഗസ്ഥർ ക്വാറന്‍റീനിൽ. ബംഗളുരുവിലെ ഹോട്ട് സ്പോട്ടിൽ നിന്ന് പാസില്ലാതെ എത്തിയ മണത്തല സ്വദേശി കള്ളൻ ജാഫർ എന്ന് വിളിക്കുന്ന ജാഫറിനെയാണ് വ്യാഴാഴ്ച രാവിലെ കഞ്ചാവ് കൈവശം വച്ചതിന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ജാഫര്‍ ഹോട്ട്സ്പോട്ടില്‍നിന്നെത്തിയതിനാല്‍ ഉദ്യോഗസ്ഥരോട് ക്വാറൻറീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിക്കുകയായിരുന്നു.


ചാവക്കാട് ബീച്ചിലെ ഗോൾഡൻ ബീച്ച് ലോഡ്ജിൽ റൂം എടുത്ത് താമസിക്കുകയായിരുന്നു ജാഫർ. ഇയാളുടെ കൈവശം കഞ്ചാവ് ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. റൂമിൽ നിന്ന് നൂറ് ഗ്രാം കഞ്ചാവ് ലഭിച്ചു. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ഇന്നലെ ബാംഗ്ലൂരിലെ ഹോട്ട് സ്പോട്ടിൽ നിന്ന് എത്തിയതാണെന്ന് വ്യക്തമായത്.


പാസില്ലാതെ വാളയാർ വഴിയാണ് ഇയാൾ എത്തിയതെന്ന് കരുതുന്നു. കൈവശമുണ്ടായിരുന്ന കഞ്ചാവ് ഇന്നലെ തന്നെ വിറ്റു. സംഭവം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ചാവക്കാട് പോലീസിനെ അറിയിക്കുകയും ചാവക്കാട് പൊലീസ് ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ജാഫറിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും ഉദ്യോഗസ്ഥർ ക്വാറൻറീനിൽ പോകണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K