10 May, 2020 10:24:32 PM


മാലദ്വീപിൽ നിന്ന് ഇന്ന് കൊച്ചിയില്‍ കപ്പലിറങ്ങിയ യുവതി ആൺകുഞ്ഞിന് ജന്മം നൽകി



പത്തനംതിട്ട: സമുദ്രസേതു ദൗത്യത്തിലൂടെ മാലദ്വീപിൽ നിന്ന് ഇന്നു രാവിലെ കേരളത്തിലെത്തിയ ഗര്‍ഭിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പത്തനംതിട്ട ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഷിജോയാണ് സോണിയയുടെ ഭര്‍ത്താവ്. മാലദ്വീപിൽ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു സോണിയ.


ഐ.എന്‍.എസ്. ജലാശ്വയില്‍ വരുമ്പോള്‍ തന്നെ സോണിയക്ക് പ്രസവ വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കപ്പല്‍ കൊച്ചിയില്‍ എത്തിയ ഉടനെ സോണിയയെ മട്ടാഞ്ചേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാതൃദിനത്തിലെ സന്തോഷകരമായ അനുഭവം പങ്കുവയ്ക്കുന്നതായി വീണാ ജോര്‍ജ് എംഎല്‍എയാണ് ഈ വിവരം ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.


ജലാശ്വയില്‍ 698 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 440 പേര്‍ മലയാളികളായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ മാലദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്.

വീണ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്


"രാവിലെ 9.30ന് ആണ് കപ്പല്‍ രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് കൊച്ചി തീരത്തെത്തിയത്. യാത്രക്കാര്‍ പുറത്തിറങ്ങാന്‍ വൈകുന്നതു കണ്ട് ഭാര്യയെ കാത്ത് പുറത്ത് നില്‍ക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവ് എന്നെ വിളിച്ചു.
ശബ്ദത്തില്‍ ആശങ്ക നിറഞ്ഞിരുന്നു. ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്. അസ്വസ്ഥതയുണ്ട്.
കപ്പലില്‍ വച്ച് ചെറിയ അസ്വസ്ഥത തോന്നിയപ്പോള്‍ ഹെലികോപ്ടറില്‍ കരയിലെത്തിക്കാന്‍ ഒരുങ്ങിയിരുന്നു. അടിയന്തരമായി കപ്പലില്‍ നിന്നിറക്കി ആശുപത്രിയില്‍ കൊണ്ടു പോകണം. എറണാകുളം കളക്ടറെ വിവരം അറിയിച്ചു. ആദ്യം കാണിച്ച താലൂക്ക് ആശുപത്രിയില്‍ നിന്നും ഇപ്പോഴുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും നല്ല രീതിയില്‍ സഹകരണമുണ്ടായി. ആശുപത്രിയിലെ മാനേജര്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള സൗമ്യയാണ് അല്‍പം മുന്‍പ് സന്താഷ വാര്‍ത്ത അറിയിച്ചത്. തൊട്ടുപിന്നാലെ യുവാവും വിളിച്ചു. 
വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ദമ്പതികള്‍ക്കു കുഞ്ഞ് പിറക്കുന്നത്. എത്രത്തോളം ആശങ്കയോടെയാണ് ദമ്പതികള്‍ ഈ ദിവസങ്ങളില്‍ കഴിഞ്ഞിട്ടുണ്ടാവുക! കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K