05 May, 2020 09:23:06 PM


പാലക്കാട്ട് തിരിച്ചെത്തുന്നത് കാല്‍ ലക്ഷം പ്രവാസികള്‍; അന്യസംസ്ഥാനങ്ങളില്‍ നിന്ന് 2700 പേര്‍ എത്തി



പാലക്കാട്: വിദേശത്തു നിന്നും നാട്ടിലെത്തുന്നതിനായി നോര്‍ക്കസെല്‍ വഴി പാലക്കാട് ജില്ലയിലേക്കെത്താന്‍ 25111 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ ഗര്‍ഭിണികള്‍, രോഗികള്‍, നാട്ടില്‍ അത്യാവശ്യ ചികിത്സ ആവശ്യമുള്ളവര്‍, വിസ ക്യാന്‍സല്‍ ആയവര്‍ തുടങ്ങി മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കും നാട്ടിലെത്തിക്കുക. കേന്ദ്രസര്‍ക്കാരിന്റെ സൂക്ഷ്മപരിശോധയില്‍ മേല്‍പറഞ്ഞ അര്‍ഹരായവരെ നാട്ടിലെത്തിക്കുന്നതിനാകും മുന്‍ഗണന നല്‍കുക.


സംസ്ഥാനത്ത് നിലവില്‍ 4.27 ലക്ഷം പേരാണ് രാജ്യത്ത് തിരിച്ചെത്തുന്നതിനായി നോര്‍ക്ക റൂട്ട്സ് വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷന്‍ തുടരുന്നതായി നോര്‍ക്ക് റൂട്ട്സ് അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ മൂലം അന്യസംസ്ഥാനങ്ങളില്‍ ജില്ലയിലെ 16748 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ 2700 ഓളം പേര്‍ തിരികെ എത്തി.
പ്രവാസികളുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് ജില്ലാ-ഗ്രാമപഞ്ചായത്ത്-നഗരസഭാതല സമിതികള്‍ രൂപീകരിച്ച് ഉത്തരവായതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.


ജില്ലാതല സമിതിയില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറും ജില്ലാ പോലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍,  ജില്ലാപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും. പഞ്ചായത്ത്/നഗരസഭ തല സമിതിയില്‍ ഗ്രാമപഞ്ചായത്ത്-നഗരസഭാ പ്രസിഡന്റ്/ചെയര്‍മാന്‍ എന്നിവര്‍ അധ്യക്ഷനും ഗ്രാമപഞ്ചായത്ത്/നഗരസഭ സെക്രട്ടറി കണ്‍വീനറും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ  പ്രതിപക്ഷനേതാവ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, എം.എല്‍.എ/ എം.എല്‍.എയുടെ പ്രതിനിധി, പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍/ പ്രതിനിധി, വില്ലേജ് ഓഫീസര്‍, പി.എച്ച്.സി മേധാവി,സഹകരണ ബാങ്ക് പ്രസിഡന്‍റ്  സാമൂഹ്യ സന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ-ആശാവര്‍ക്കര്‍ പ്രതിനിധി, പെന്‍ഷനേഴ്‌സ്  യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.


വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍ അധ്യക്ഷനും ജെ.പി.എച്ച്.എന്‍/ ജെ.എച്ച്.ഐ(ആര്‍.ആര്‍.ടി കണ്‍വീനര്‍) കണ്‍വീനറുമായുള്ള വാര്‍ഡ് തല സമിതിയില്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രതിനിധി, വില്ലേജ് ഓഫീസറുടെ പ്രതിനിധി, ചാര്‍ജ്ജുള്ള തദ്ദേശ സമിതി ഉദ്യോഗസ്ഥന്‍, സാമൂഹ്യ സന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ-ആശാവര്‍ക്കര്‍-പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രതിനിധി, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധി/ പ്രദേശത്തെ നാട്ടുകാരുടെ രണ്ടു പ്രതിനിധികള്‍, അംഗനവാടി ടീച്ചര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും

ജില്ലാ / ഗ്രാമപഞ്ചായത്ത് / നഗരസഭാ / വാര്‍ഡ്തല സമിതിയുടെ ചുമതലകള്‍


1)     ജില്ലയിലെ ഗ്രാമ പഞ്ചായത്ത്/നഗരസഭാ സെക്രട്ടറിമാര്‍ മേല്‍പ്പറഞ്ഞ ഘടനയിലുള്ള പഞ്ചായത്ത്/നഗരസഭാ വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതാണ.് പ്രധാന വിഷയങ്ങളില്‍ ജില്ലാതല സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം.


2)    പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാതല പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം പഞ്ചായത്ത്/നഗരസഭാ സമിതികള്‍ക്കായിരിക്കും.


3)    പ്രായമായവര്‍, കിഡ്‌നി, ഹൃദ്രോഗം, കാന്‍സര്‍ രോഗബാധിതരുടെ കാര്യത്തില്‍ വാര്‍ഡ് തല സമിതികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.


4)    ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ഗ്രാമപഞ്ചായത്ത്/നഗരസഭാ തല സമിതി ഉറപ്പാക്കണം.


5)    പഞ്ചായത്ത്/മുനിസിപ്പാലിറ്റി വാര്‍ഡ്തല സമിതി പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഏകോപനം, അവലോകനം, ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നത് ജില്ലാ സമിതിയായിരിക്കും.


6)    സമിതി യോഗം, മിനുട്‌സ് തയ്യാറാക്കല്‍, റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ ചുമതലകള്‍ സമിതിയുടെ കണ്‍വീനര്‍മാര്‍ക്കായിരിക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K