04 May, 2020 10:28:29 PM


ആംബുലന്‍സിലെ ഓക്‌സിജന്‍ തീര്‍ന്നു; ആശുപത്രിയില്‍ എത്തിച്ച രോഗി മരിച്ചു



പുനലൂര്‍: ശ്വാസതടസം അനുഭവപ്പെട്ട വൃക്കരോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലെ ഓക്‌സിജന്‍ തീര്‍ന്നു. മറ്റൊരു ആംബുലന്‍സ് വരുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗി മരിച്ചു. പുനലൂര്‍ ഐക്കരക്കോണം കുളങ്ങരവീട്ടില്‍ എ.ആര്‍.ബാലചന്ദ്രന്റെ മകന്‍ ബിനീഷ് ബാലചന്ദ്രന്‍ (30) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. 


ആംബുലന്‍സ് ഡ്രൈവറുടെ അനാസ്ഥയാണ് രോഗി മരിക്കാനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും ഉള്‍പ്പടെ പരാതി നല്‍കി. വൃക്കരോഗത്തെത്തുടര്‍ന്ന് നാലുവര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ബിനീഷ്. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബിനീഷിനെ കഴിഞ്ഞ ചൊവ്വാഴ്ച പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാക്കി. അസുഖം കുറവില്ലാത്തതിനാല്‍ ശനിയാഴ്ച രാവിലെ താലൂക്ക് ആശുപത്രിയിലെ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ചു.


ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിച്ചാണ് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയത്. നാലു കിലോമീറ്റര്‍ അകലെ പിറയ്ക്കലില്‍ എത്തിയപ്പോഴേയ്ക്കും ഓക്‌സിജന്‍ തീര്‍ന്നു. ശ്വാസം കിട്ടാതെ വെപ്രാളം കാട്ടിയ ബിനീഷിനെ മറ്റൊരു ആംബുലന്‍സ് വരുത്തി പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് അയച്ചു. ഇവിടെ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലാക്കി എങ്കിലും ഏറെ താമസിയാതെ ബിനീഷ് മരിച്ചു. ആംബുലന്‍സ് ഡ്രൈവറുടെ നിരുത്തരവാദപരമായ പ്രവൃത്തിയാണ് മകന്‍ മരിക്കാനിടയാക്കിയതെന്നാണ് ബാലചന്ദ്രന്‍റെ പരാതി.  ഇടുക്കി സ്വദേശിയായ ബാലചന്ദ്രന്‍, മകന്‍റെ ചികിത്സാര്‍ഥം നാലുവര്‍ഷമായി പുനലൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K