02 May, 2020 09:44:23 PM
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള 400 പേര്‍ക്ക് ഒരു ദിവസം വയനാട്ടിലേക്ക് പ്രവേശനം

കല്‍പ്പറ്റ: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ നോര്‍ക്കയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ സ്വീകരിക്കുന്നതിന് ജില്ലാ അതിര്‍ത്തിയായ മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മുത്തങ്ങ ചെക്‌പോസ്റ്റാണ് ജില്ലയിലേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ഏക വഴി. ഇവിടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മിനി ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല. അതിര്‍ത്തി വഴി കടന്നു വരുന്നവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സൗകര്യങ്ങള്‍ മിനി ആരോഗ്യ കേന്ദ്രത്തിലുണ്ടാവും.
ചെക്‌പോസ്റ്റില്‍ എത്തുന്നവരെ ആദ്യം പോലീസിന്റെ പരിശോധനയ്ക്ക് വിധേയമാക്കും. ഇവര്‍ വന്ന വാഹനം ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കും. ആരോഗ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട നാല് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ കാര്യത്തില്‍ സംശയമുള്ളവരുടെ സ്രവ പരിശോധന നടത്തും. ലക്ഷണമുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും അല്ലാത്തവരെ അവരവരുടെ വാഹനത്തില്‍ വീടുകളിലേക്കും അയക്കും. ഇവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഒരു മണിക്കൂറില്‍ പത്ത് വാഹനങ്ങളെയാണ് പോലീസിന്റെ നിരീക്ഷണ വാഹനത്തോടൊപ്പം കടത്തി വിടുക. 
വാഹനങ്ങള്‍ ഇല്ലാത്തവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഏര്‍പ്പെടുത്തും. മിനി ആരോഗ്യ കേന്ദ്രത്തിന് സമീപം കുടുംബശ്രീയുടെ ഭക്ഷണ സ്റ്റാള്‍ ഒരുക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ് യാത്രയ്ക്കും ഭക്ഷണത്തിനുമുള്ള ചെലവ് അവരവര്‍ വഹിക്കേണ്ടതാണ്. ഒരു ദിവസം 400 പേരെയാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുക. രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം ഇതു സംബന്ധിച്ച് നടപടി ക്രമങ്ങള്‍ മുന്നോട്ട് നീക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ സൂക്ഷ്മ നിരീക്ഷണത്തിനായി ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ വിവരങ്ങള്‍ അതാത് പഞ്ചായത്തുകള്‍ക്ക് ലഭ്യമാവും. പഞ്ചായത്തുകള്‍ വഴി പ്രാദേശിക പരിശോധന നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര തിരിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിനും കോവിഡ് 19 പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. അഞ്ച് സീറ്റുള്ള കാറില്‍ നാല് പേര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളു. ഏഴ് സീറ്റുള്ള കാറില്‍ അഞ്ച് പേര്‍ക്ക് കയറാം. ബസ്സുകളിലും വാനുകളിലും അനുവദനീയമായതിന്റെ പകുതി ആളുകളെ കയറ്റാം. യാത്രികര്‍ സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമായും ഉപയോഗിക്കണം. കേരളത്തില്‍ ചികിത്സ തേടുന്നവര്‍, ശാരീരിക വിഷമതകള്‍ നേരിടുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികളില്‍ നിന്ന് അകന്ന് കഴിയുന്നവര്‍, ഇന്റര്‍വ്യൂ, സ്‌പോര്‍ട്‌സ്, തീര്‍ത്ഥാടനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പോയവര്‍, വിദ്യാര്‍ത്ഥികള്‍ എന്ന ക്രമത്തിലായിരിക്കും പ്രവേശനത്തിന് മുന്‍ഗണന നല്‍കുക.
                                
                                        



