27 April, 2020 02:40:39 AM


ദേശാഭിമാനി ന്യൂസ് എഡിറ്റർക്ക് പൊലീസ് മർദനം; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി



കണ്ണൂർ: മാധ്യമപ്രവർത്തകർക്ക് സ‍ഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും ആവർത്തിക്കുമ്പോഴും സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ന്യൂസ് എഡിറ്റര്‍ക്ക് പൊലീസ് മർദനം. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മോറായിയെ ആണ് ചക്കരക്കല്ല് സി ഐ എം വി ദിനേശൻ മർദ്ദിച്ചെന്ന് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തില്‍ സിഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂർ മുണ്ടയാട് ജേർണലിസ്റ്റ് കോളനിയിലെ താമസസ്ഥലത്തിന് സമീപത്ത് വച്ചാണ് കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ മനോഹരൻ മോറായി പൊലീസ് മർദ്ദനത്തിനിരയായത്.


മനോഹരൻ മോറായിയെ അകാരണമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു. സർക്കാർ നൽകിയ ഇളവുകളുടെ പരിധിയിൽ നിന്ന് ജോലിക്ക് പോകുന്നതിനിടെയാണ് ശനിയാഴ്ച മനോഹരൻ മോറായിയെ ചക്കരക്കല്ല് സിഐ ദിനേശൻ മർദിച്ചത്. ഓഫീസിൽ പോകുന്ന വഴി ഒരു കടയിൽ നിന്ന് സാധനം വാങ്ങുന്നതിനിടയിലാണ് അവിടെ എത്തിയ സിഐ വലിയ ലാത്തി കൊണ്ട് മർദിച്ചത്. അക്രഡിറ്റേഷൻ കാർഡ് എടുത്ത് കാട്ടി മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും മർദനം തുടരുകയാണുണ്ടായത്. തുടർന്ന് ഏതെങ്കിലും കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.


സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന് ഒരു തടസവും സൃഷ്ടിക്കരുതെന്ന് പൊലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞ ദിവസം തന്നെയാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ മുതിർന്ന മാധ്യമപ്രവർത്തകനെ മർദിച്ചിരിക്കുന്നത്. ആര് എന്തു പറഞ്ഞാലും ഞങ്ങൾ തോന്നിയപോലെ ചെയ്യും എന്ന ധിക്കാരമാണ് സിഐ കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാധ്യമപ്രവർത്തകർക്ക് പൊലീസിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം യൂണിയൻ മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഇത്തരം നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് അങ്ങേയറ്റം അപലപനീയമാണ്.


തന്നോടൊപ്പം കടയിൽ ഉണ്ടായിരുന്ന പലർക്കും ഈ ഉദ്യോഗസ്ഥനിൽ നിന്ന് സാരമായ മർദ്ദനമേറ്റതായി മനോഹരന്‍ മോറായി പറയുന്നു. ഈ ഘട്ടത്തിൽ ഇതൊരു പൊതുപ്രശ്നമാക്കി ഉയർത്താതിരുന്നത് കേരളാ പൊലീസിന്റെ സൽപേരിന് കളങ്കമുണ്ടാകരുതെന്ന സദുദ്ദേശത്തോടെയാണ്. അതു കൊണ്ടാണ് പൊലീസ് അതിക്രമം എന്ന സാമാന്യവൽക്കരണത്തിനും കേസിനും മുതിരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.  മാധ്യമ പ്രവർത്തകനു നേരെയുള്ള പൊലീസിന്റെ അതിക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K