24 April, 2020 10:19:36 PM


'കോവിഡ് പ്രതിരോധത്തിന് എല്ലാവരും വീട്ടില്‍ ഒതുങ്ങി ഇരിക്കുക'; പറയുന്നത് നഞ്ചിയമ്മ



പാലക്കാട്: എല്ലാവരും വീട്ടില്‍ ഒതുങ്ങിയിരുന്ന് കോവിഡ്-19 രോഗബാധ പ്രതിരോധിക്കണമെന്ന് അട്ടപ്പാടിയിലെ നാടന്‍പാട്ട് ഗായിക നഞ്ചിയമ്മ പറയുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. നമസ്‌കാരം, ഞാന്‍ നഞ്ചിയമ്മയാണ് എന്ന് പറഞ്ഞ് കൊണ്ട് കോവിഡ്-19 പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളും സര്‍ക്കാര്‍ നയങ്ങളും സംബന്ധിച്ചാണ് ഏവര്‍ക്കും പ്രിയങ്കരിയായ നഞ്ചിയമ്മ തികച്ചും നിഷ്‌കളങ്കതയോടെയും എന്നാല്‍ ഗൗരവം വിടാതെയും പറയുന്നത്. മന്ത്രി എ.കെ ബാലന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും  ഡി.ഐ.ഒ പാലക്കാട് ഫേസ്ബുക്ക് പേജിലൂടെയുമാണ് വീഡിയോ നിലവില്‍ പ്രചരിക്കുന്നത്.  


മന്ത്രി എ.കെ ബാലന്‍ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളുടെ കീഴില്‍ വരുന്ന   പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍  സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 9020213000 എന്ന നമ്പറിലേക്ക്  ഒരു മിസ്ഡ് കോള്‍ ചെയ്താലുടന്‍ ഒരു ബെല്ലോടു കൂടി കോള്‍ കട്ടാവുകയും ആ മൊബൈല്‍ നമ്പറിലേക്ക് പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് എസ്.എം.എസ് മുഖേന ലഭിക്കുകയും ചെയ്യും. പരാതി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ട ഓഫീസില്‍ നിന്നും പരാതിക്കാരനെ ഫോണില്‍ വിളിക്കും.  


പരാതി പരിശോധിച്ച് എല്ലാ സഹായങ്ങളും ചെയ്തു തരുമെന്ന് നഞ്ചിയമ്മ  വീഡിയോയിലൂടെ ഓര്‍മിപ്പിക്കുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സംസ്ഥാനത്തെ 37 ആദിവാസി വിഭാഗങ്ങളിലെ പ്രധാന ആദിവാസി ഭാഷകളിലൂടെ കോവിഡ്-19 പ്രതിരോധത്തിന് സഹായകരമായ ഓഡിയോ, വീഡിയോ ബോധവത്ക്കരണ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K