20 April, 2020 11:46:01 PM


അതിജീവനവഴികളിലെ നിശബ്ദ പ്രവര്‍ത്തനവുമായി കാസര്‍ഗോഡ് കൊറോണ സെല്‍



കാസര്‍ഗോഡ്: കോവിഡ് 19 വ്യാപനത്തിന്റെ വിറങ്ങലിച്ച നാളുകളില്‍ നിന്നും പതിയെ തിരികെ നടക്കുകയാണ് കാസര്‍ഗോഡ് ജില്ല. ജില്ലയുടെ ഈ അതിവേഗത്തിലുള്ള അതിജീവന വഴികളില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപ{തിയില്‍  പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയവും ശ്ലാഘനീയവുമാണ്. വിവിധ തലങ്ങളിലായിട്ടാണ് കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍. പൊതുജനങ്ങളില്‍ നിന്നുള്ള സംശയങ്ങള്‍, പരാതികള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കോള്‍ സെന്റര്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, കൗണ്‍സലിംഗ് സംവിധാനം, ആംബുലന്‍സ് സേവനങ്ങള്‍, പ്രവര്‍ത്തനം ആസൂത്രണം, റിപ്പോര്‍ട്ടിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് ജില്ലയുടെ കൊറോണ കണ്‍ട്രോള്‍ സെല്‍. 


7 ഫോണുകളാണ് ജനങ്ങള്‍ക്കും ഇതര ഡിപ്പാര്‍ട്ട്‌മെന്റ് കള്‍ക്കും സന്ദേശ കൈമാറ്റങ്ങള്‍ക്കും  സംശയനിവാരണത്തിനും  സെല്ലില്‍ ഉപയോഗിക്കുന്നത്.  സെല്ലില്‍  വിളികള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ 24 മണിക്കൂറും കൊറോണാ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ തയ്യാറാവുന്നു. കൊറോണ പോസിറ്റീവ് കേസുകളുടെ പ്രാഥമികവും ദ്വിതീയവുമായ സമ്പര്‍ക്ക പട്ടിക, റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കുന്ന ശ്രമകരമായ ദൗത്യത്തിന്റെ നല്ലൊരുപങ്കും കൊറോണ സെല്ലിലാണ് നടക്കുന്നത്. അത്തരത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്ളവരെ ഫോണ്‍വഴി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സ്രവപരിശോധനക്ക് അയക്കാനും ഈ വിഭാഗം ജാഗ്രത പുലര്‍ത്തുന്നു. 


കൊറോണ രോഗബാധിതര്‍ വീടുകളിലും ഐസൊലേഷന്‍ സെന്ററുകളിലും ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ആവശ്യമായ ടെലി കൗണ്‍സിലിങ് സംവിധാനവും കൊറോണാ സെല്ലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടര്‍ സണ്ണി മാത്യുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് ടെലി കൗണ്‍സിലിങ്ങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആല്ക്കഹോള് അഡിക്ഷന് മായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും കൗണ്‍സിലിംഗ് സേവനം നല്‍കി വരുന്നുണ്ട്. ആംബുലന്‍സ് സര്‍വീസിന്റെ ഏകോപനവും  കൊറോണസെല്ലില്‍ നിന്നാണ്. 


14 ആംബുലന്‍സുകളാണ് രോഗികളെയും രോഗ ലക്ഷണങ്ങളുള്ളവരെ സ്രവപരിശോധനയ്ക്ക് എത്തിക്കുന്നതിനും ഉപയോഗിക്കുന്നത്.  പരാതികള്‍ക്കിടയില്ലാതെ  മുഴുവന്‍ സമയവും ലഭിക്കുന്ന സേവനം ഏറെ പ്രശംസനീയമാണ്.  കൊറോണ സെല്ലിന്‍റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്നത് ഇവിടുത്തെ റിപ്പോര്‍ട്ടിങ് വിഭാഗവും മാസ് മീഡിയ വിഭാഗവുമാണ്. സംസ്ഥാന തലത്തിലേക്ക് അയക്കേണ്ട  റിപ്പോര്‍ട്ടുകള്‍, വിവരങ്ങളുടെ ക്രോഡീകരണം, രേഖപ്പെടുത്തല്‍ എന്നിവ കാര്യക്ഷമമായി നിര്‍വഹിക്കുന്നത് ഈ വിഭാഗമാണ്. 


സ്വകാര്യതയോടെ സൂക്ഷിക്കുന്ന രോഗി സംബന്ധിയായ വിവരശേഖരണങ്ങള്‍, മറ്റു റിപ്പോര്‍ട്ടുകള്‍ എന്നിവ കൃത്യമായി തയ്യാറാക്കാന്‍ സാധിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അനിവാര്യ ഘടകമാണ്. ജില്ലാ അധികാരികളുടെ കൃത്യമായ മേല്‍നോട്ടത്തില്‍ നടക്കുന്ന കൊറോണാ സെല്ലിന്റെ പ്രവര്‍ത്തനം കാസര്‍ഗോഡിന്റെ അതിജീവന മാതൃകയുടെ ഏറ്റവും വലിയ ഘടകം തന്നെയാകുന്നു. പകര്‍ച്ചവ്യാധികള്‍ക്ക് മുന്നില്‍ പതറാതെ ഒരു ജില്ല ജീവിതം തിരികെ പിടിക്കുന്നതില്‍ രാപകലില്ലാതെ പ്രവര്‍ത്തന രംഗത്തുള്ള ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിലെ ഓരോ ജീവനക്കാരന്റെയും പങ്ക്  വളരെ വലുതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K