16 April, 2020 07:07:03 PM


ജീവന്‍ രക്ഷാമരുന്ന് എത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്തണച്ച് ഏലിയാമ്മ



 
പത്തനംതിട്ട മാത്തൂര്‍ മഞ്ഞനിക്കര ചരിവുകാലായില്‍ വീട്ടില്‍ എഴുപത്തിരണ്ടുകാരി ഏലിയാമ്മ ജോണ്‍ തനിക്ക് മരുന്നുമായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് ഒന്ന് അമ്പരന്നു. പിന്നെ ഒരുനിമിഷംപോലും കളയാതെ ഓടിചെന്ന് അവരെ കെട്ടിപിടിച്ച് നന്ദി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നായിരുന്നു മരുന്നു കൈപ്പറ്റിയ ഏലിയാമ്മയുടെ പ്രതികരണം.


ന്യൂറോ ഡിസീസ് രോഗബാധയ്ക്കുള്ള മരുന്നുകഴിച്ചിരുന്ന ഏലിയാമ്മ ലോക്ക്ഡൗണ്‍ മൂലം തന്റെ മരുന്നു തീരുമെന്ന ആശങ്കയിലായിരുന്നു. ഒരു ദിവസത്തേക്കുകൂടിയുള്ള മരുന്നേ ബാക്കിയുള്ളൂ എന്നും മരുന്ന് മുടങ്ങിയാല്‍ അമ്മ തളര്‍ന്നുപോകുമെന്നും അറിയിച്ച് ഏലിയാമ്മയുടെ മകന്‍ ബിജുജോണ്‍ ഇലവുംതിട്ട ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ അന്‍വര്‍ ഷായെ വിവരമറിച്ചതോടെയാണു ജില്ലയ്ക്കു പുറത്തുനിന്നും ഏലിയാമ്മയ്ക്കുള്ള മരുന്നെത്തിയത്.
കോട്ടയത്തുനിന്ന് മരുന്ന് വാങ്ങി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ കെ.കെ ബിജുവിന്റെ നേതൃത്വത്തില്‍ മരുന്ന് ഹൈവേ പോലീസിന്റെ വാഹനത്തില്‍ ജില്ലയില്‍ എത്തിക്കുകയായിരുന്നു.


കേരള പോലീസ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് സജു, ഇലവുംതിട്ട ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ എസ്.അന്‍വര്‍ഷാ, ആര്‍.പ്രശാന്ത്, പോലീസ് ട്രെയിനികളായ നിതിന്‍ സദാനന്ദ്, നന്ദു മുരളീധരന്‍, എ.കെ.ജി ഫൗണ്ടേഷന്‍ ചെന്നീര്‍ക്കര സോണല്‍ സെക്രട്ടറി മധു എന്നിവരുടെ നേതൃത്വത്തില്‍ ഏലിയാമ്മയുടെ വീട്ടിലെത്തി മരുന്ന് കൈമാറി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K