12 April, 2020 11:20:47 PM


അവധിദിനങ്ങളെ കുപ്പിയിലാക്കി പ്രവാസി യുവാവ്; ജിബീഷിന്‍റെ ചിത്രങ്ങള്‍ കഥ പറയുന്നു



കോഴിക്കോട്: വാകയാട് സ്വദേശി ജിബീഷ് മനോഹരമായ കഥകള്‍ എഴുതിയാണ് ഈ കൊറോണ കാലത്തെ നേരിടുന്നത്. പക്ഷേ ജിബീഷിന് കഥകള്‍ എഴുതാന്‍ പേനയും പേപ്പറും വേണ്ട. മറിച്ച് ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന കുപ്പികളും പെയിന്റും ഉപയോഗിച്ചാണ് ജിബീഷിന്റെ കഥയെഴുത്ത്. പുതിയകാലത്ത് ട്രെന്‍ഡ് ആയി മാറിയിരിക്കുന്ന കുപ്പിവരയുടെ തിരക്കിലാണ് പ്രവാസി കൂടിയായ ജിബീഷ്. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. മെയ് 25ന് അവധി തീരുമെങ്കിലും തിരിച്ചു പോകാന്‍ ആവുമോ എന്ന് അറിയില്ല. എങ്കിലും കൊറോണ കാലത്തെ വിരസത മാറ്റാന്‍ ജിബീഷ് ആശ്രയിച്ചത് കുപ്പികളെയും പെയിന്റിനെയുമാണ്.


കുപ്പിയില്‍ നിര്‍മ്മിച്ച വയലിന്‍, കുപ്പിക്കുള്ളിലെ കപ്പല്‍, തെയ്യം, ദൈവങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം ജിബിഷിന്റെ കരവിരുതില്‍ വിരിഞ്ഞ ചിലത് മാത്രമാണ്. വാകയാട് രാമന്‍ പുഴയോരത്ത് ആളുകള്‍ വലിച്ചെറിയുന്ന കുപ്പികള്‍ ആണ് ജിബീഷ് വരക്കാനായി തെരഞ്ഞെടുക്കുന്നത്. അക്രിലിക് പെയിന്റ് ഉപയോഗിച്ചുള്ള ചിത്രം വര ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി എന്ന് ജിബീഷ് പറയുന്നു. ഇപ്പോള്‍ ആവശ്യക്കാര്‍ നിരവധിയാണ്. അവധി ദിവസങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇന്ന് അതൊരു ബിസിനസ് എന്ന രീതിയിലേക്ക് മാറി.


കുപ്പി വരക്കു പുറമേ മ്യൂറല്‍ പെയിന്റിംഗിലും കേമനാണ് ജിബീഷ്. ചെറുപ്പം മുതല്‍ ചിത്രം വരയില്‍ താല്പര്യം ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങളില്‍ ആണ് ജിബീഷ് തന്റെ കഴിവുകള്‍ പുറത്തെടുത്തത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി തന്റെ കുപ്പിവരകള്‍ ജിബീഷ് മറ്റുള്ളവര്‍ക്ക് ഇടയിലേക്ക് എത്തിക്കുന്നു. അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബമാണ് ജിബീഷിന്റേത്. ആവശ്യക്കാര്‍ വരികയാണെങ്കില്‍ കുപ്പി വരയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ജിബീഷിന്റെ ശ്രമം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K