02 April, 2020 09:02:41 PM
സംസ്ഥാനത്ത് 21 പേർക്കു കൂടി കൊറോണ വൈറസ് ബാധ; എട്ടു ജില്ലകൾ ഹോട്ട്സ്പോട്ട്
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് 21 പേർക്കു കൂടി വ്യാഴാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാസർഗോഡ്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കാസർഗോഡ് എട്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രണ്ടു പേർക്കും മറ്റ് ജില്ലകളിൽ ഓരോരുത്തർക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 286പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,65,934 പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് എട്ടു ജില്ലകളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.




