02 April, 2020 01:32:49 PM


കാസർഗോഡ് കർണാടക അതിര്‍ത്തിയില്‍ വീണ്ടും ആംബുലൻസുകൾ തിരിച്ചയച്ചു



കാസർഗോഡ്: ദേശീയപാത തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് വീണ്ടും തെറ്റിച്ച് കര്‍ണാടക. കാസര്‍ഗോഡ് ആംബുലന്‍സുകള്‍ കര്‍ണാടക പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ദേശീയപാത കടന്നുപോകുന്ന തലപ്പാടിയില്‍ ബാരിക്കേഡുകള്‍ എടുത്ത് മാറ്റിയതിനെതുടര്‍ന്ന് അതിർത്തി തുറന്നതായ വാർത്ത പ്രചരിച്ചതോടെയാണ് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ രോഗികളുമായി മംഗളൂരുവിലേക്ക് തിരിച്ചത്. നിബന്ധനകള്‍ക്ക് വിധേയമായി ആംബുലന്‍സുകളും ചരക്ക് വാഹനങ്ങളും  കടത്തിവിടുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ രോഗികളുമായി എത്തിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കര്‍ണാടക പൊലീസ് തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.


കഴിഞ്ഞ ദിവസങ്ങളില്‍ വിദഗ്ധ ചികിൽസ കിട്ടാതെ ഏഴ് പേരാണ് കാസര്‍ഗോഡ് മരിച്ചത്. വിദഗ്‍ധ ചികിത്സ കിട്ടാതെ ഏഴ് പേര്‍ മരിച്ച സാഹചര്യത്തിലായിരുന്നു ദേശീയപാത തുറക്കാനുള്ള ഹൈക്കോടതി ഉത്തരവ്. ദേശീയപാത അടക്കാന്‍ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ കര്‍ണാടകക്ക് ബാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടങ്കിലും അനുകൂലസമീപനം ഉണ്ടായില്ല. ഈ വിഷയത്തില്‍ കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കുന്നുണ്ട് 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K