01 April, 2020 11:06:15 PM


കൊറിയര്‍, മൊബൈല്‍ ചാര്‍ജിംഗ് സര്‍വീസ്: പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു



കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് ജില്ലയിലെ കൊറിയര്‍ സര്‍വീസ്, മൊബൈല്‍ റീച്ചാര്‍ജിംഗ് ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സേവനങ്ങളുടെ പ്രവര്‍ത്തനസമയം നിശ്ചയിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. അവശ്യസേവനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍, നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ ചുമതലപ്പെടുത്തി.  


ജില്ലയില്‍ കൊറിയര്‍ / പാഴ്‌സല്‍ സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയായിരിക്കും. വിതരണ സമയം രാത്രി എട്ടു മണി വരെയാണ്. മൊബൈല്‍ റീചാര്‍ജിങ് ഷോപ്പുകള്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ രണ്ടെണ്ണം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ  പ്രവര്‍ത്തിക്കാം. മൊബൈല്‍  റീ ചാര്‍ജിങ് സേവനം മാത്രം നല്‍കുന്ന  സ്ഥാപനങ്ങള്‍ക്ക് മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. 


ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കലും വില്‍പ്പനയും നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കും. ഈ സ്ഥലങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സല്‍ വിതരണ സമയം രാത്രി  8 മണി വരെ ആയിരിക്കും.  അനുബന്ധ പാക്കേജിംഗ് മെറ്റീരിയലുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയവും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരിക്കും. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ പരിശോധിക്കണം. 


സംസ്ഥാനസര്‍ക്കാര്‍ ആവശ്യ സേവനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റു ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക്  പ്രവര്‍ത്തനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട്  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ തീരുമാനമെടുക്കും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് അനുമതി ലഭിക്കുക. ഇത്തരം സ്ഥാപനങ്ങള്‍ രോഗ വ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷാനിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപന ഉടമയ്ക്കായിരിക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K