01 April, 2020 09:16:48 AM


വിഡ്ഢിദിനത്തിലെ തമാശകള്‍ 12 മണിക്കുശേഷം പ്രയോഗിച്ചാല്‍ സ്വയം വിഡ്ഢിയാകും!

- അനിലന്‍ നമ്പൂതിരി



മിക്ക രാജ്യങ്ങളിലും ഏപ്രിൽ 1-ആം തീയതി വിഡ്ഢിദിനമായി ആഘോഷിക്കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അയൽവാസികളെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിഡ്ഢികളാക്കുകയാണ് ഈ ദിവസത്തിന്റെ ഭാഗമായി ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള തമാശകൾ ചില രാജ്യങ്ങളിൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനുശേഷം ആരെങ്കിലും ഇത്തരത്തിലുള്ള തമാശ പറഞ്ഞാൽ അയാൾ വിഡ്ഢിയായി കരുതപ്പെടുന്നു. ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, ന്യൂസിലൻഡ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരത്തിലാണ് ആഘോഷം. എന്നാൽ അമേരിക്ക, ഫ്രാൻസ്, അയർലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ തമാശ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നു.


ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത്‌ ഏപ്രില്‍ മാസത്തിലായിരുന്നു. ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്‌ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന്‌ ഫൂള്‍സ്‌ ഡേ ആയി തിരഞ്ഞെടുക്കുകയായിരുന്നുവത്രേ. ഏപ്രില്‍ ഒന്നിന്‌ അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ്‌ തുടങ്ങിയത്‌. എന്നാല്‍ കലണ്ടര്‍ മാറിയത്‌ അറിയാതെ ഏപ്രില്‍ ഒന്നുതന്നെയാണ്‌ പുതുവര്‍ഷമെന്ന്‌ കരുതിപ്പോന്നവരും ഫ്രാന്‍സില്‍ ഉണ്ടായിരുന്നുവത്രേ. ഇവരെ പരിഹസിച്ചുകൊണ്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നതെന്നും പറയുന്നു.


വിഡ്‌ഢിദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഏപ്രില്‍ ഫിഷ്‌ എന്നാണ്‌ ഫ്രഞ്ചുകാര്‍ വിളിക്കുന്നത്‌. ഇത്തരക്കാരെ ഏപ്രില്‍ ഗോക്ക്‌ എന്നാണ്‌ സ്‌കോട്ട്‌ലാന്റുകാര്‍ വിളിക്കുന്നത്‌. പതിനെട്ടാം നൂറ്റാണ്ടോടെയാണ്‌ ഇംഗ്ലണ്ടില്‍ വിഡ്‌ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌. ഇംഗ്ലണ്ടില്‍ നൂഡി എന്നും ജര്‍മ്മനിയില്‍ ഏപ്രിനാര്‍ എന്നുമാണ്‌ വിഡ്‌ഢികളാക്കപ്പെടുന്നവരെ വിളിക്കുന്നത്‌. പോര്‍ചുഗീസുകാര്‍ ഈസ്‌റ്റര്‍ നോമ്പിന്‌ നാല്‍പത്‌ ദിവസം മുമ്പുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ്‌ വിഡ്‌ഢിദിനം ആഘോഷിക്കുന്നത്‌. മെക്‌സിക്കോയില്‍ ഡിസംബര്‍ 28നാണ്‌ വിഡ്‌ഢിദിനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K