26 March, 2020 08:03:49 PM


മാതാ അമൃതാനന്ദമയിമഠത്തിൽ കോവിഡ്-19 രോഗസാധ്യതകളില്ലെന്ന് പരിശോധനാ സംഘം



കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളിൽ രോഗസാധ്യതകളോ ആരോഗ്യ പ്രശ്നങ്ങളോ സമൂഹ വ്യാപന സാധ്യതകളോ ഇല്ലെന്ന് ഡെപ്യൂട്ടി കളക്ടർ. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അമൃതപുരി - മാതാ അമൃതാനന്ദമയി മഠത്തിലെ  കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പിനോടൊപ്പം പോലീസ് - റവന്യൂ വിഭാഗങ്ങളിൽ നിന്നുള്ള സംയുക്ത സംഘമാണ് മഠത്തിലെത്തിയത്. രാജ്യത്തും പുറത്തും നിന്നുള്ള മുഴുവൻ അന്തേവാസികളുടെയും വിവരങ്ങൾ ശേഖരിച്ച സംഘം ക്വാറൻ്റൈനിൽ കഴിഞ്ഞു വരുന്ന അന്തേവാസികളെ ഓരോരുത്തരെയും നേരിൽ ചെന്ന് സന്ദർശിച്ചു.


സമൂഹ വ്യാപന സാധ്യതകളും കൊറോണ പ്രോട്ടോകോളുകൾ പാലിക്കുന്നതിന്‍റെ വിവരങ്ങളും സംഘം പരിശോധിച്ചു. പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള ഇരുപത്തിയെട്ട് ദിവസം തികയാത്തതിനാൽ ക്വാറൻ്റൈനിൽ കഴിയുന്ന നാൽപ്പത്തിമൂന്ന് പേരാണ് മഠത്തിലുള്ളത്. ഇവരെ പ്രത്യേകമായി മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ ക്വാറൻ്റൈൻ സൗകര്യങ്ങളും ആരോഗ്യ വിവരങ്ങളും പരിശോധിച്ച സംഘം, പൂർണ തൃപ്തികരമാണെന്നും രോഗസാധ്യതകളൊന്നുമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇവരില്‍ മുപ്പത് പേരുടെ സ്വാബ് പരിശോധന നടത്താമെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമനുസരിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് സാംപിളുകൾ എടുത്ത് കഴിഞ്ഞതാണ്.


ആരോഗ്യ വകുപ്പിൽ നിന്നുള്ള പ്രാദേശിക മെഡിക്കൽ ഓഫീസറടങ്ങുന്ന സംഘം, മഠം ഡോക്ടറുമായി ചേർന്ന് തുടർച്ചയായി ഇവരെ നിരീക്ഷിച്ചു വരുന്നുമുണ്ട്. നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ പൂർണമായും പാലിച്ചു വരുന്നുണ്ടെന്നും സാമൂഹ്യ വ്യാപനത്തിനുള്ള യാതൊരു സാധ്യതകളും മഠത്തിലില്ലെന്നും ആലപ്പാട് മെഡിക്കൽ ഓഫീസർ ഡോ. അരുൺ പറഞ്ഞു. ഫെബ്രുവരി ആദ്യം മുതൽ തുടർച്ചയായി ജില്ലാ മെഡിക്കൽ ഓഫീസർ അടക്കമുള്ളവർക്ക് അന്തേവാസികളുടെ വിവരങ്ങൾ കാണിച്ചുള്ള റിപ്പോർട്ടുകൾ മഠത്തിൽ നിന്ന് വരുന്നുണ്ടെന്നും അതിന്‍റെ ഭാഗമായി മുൻപ് പലവട്ടം നടന്ന പരിശോധനകളുടെ തുടർച്ചയാണ് ഇന്നത്തേതെന്നും കോവിഡ്-19 ജില്ലാ നോഡൽ മെഡിക്കൽ ഓഫീസർ ഡോ. ശശി പ്രതികരിച്ചു.


ആർഡിഓയുടെ ചുമതലയിലുള്ള സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, ശ്രീ. ആർ. സുമീതൻ പിള്ളയോടൊപ്പം കോവിഡ്-19 ജില്ലാ നോഡൽ മെഡിക്കൽ ഓഫീസർ ഡോ. ശശി, കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസ് ഹെൽത്ത് ടെക്നിക്കൽ അസ്സിസ്റ്റൻ്റ്  ഡോ. നാരാണയണൻ, ആലപ്പാട് മെഡിക്കൽ ഓഫീസർ ഡോ. അരുൺ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിരോധ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് നേതൃത്വം നൽകിയത്. കരുനാഗപ്പള്ളി താലൂക്ക് തഹസീൽദാർ ശ്രീമതി. സജിത ബീഗത്തോടൊപ്പം കരുനാഗപ്പള്ളി, ആലപ്പാട്, ക്ളാപ്പന വില്ലേജുകളിലെ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് ആരോഗ്യ വകുപ്പ് പ്രതിനിധികൾ, പോലീസ് അധികാരികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 14.4K