25 March, 2020 06:12:42 PM


അതിഥി തൊഴിലാളികളുടെ സംരക്ഷണം: കളക്ടർമാരുടെ സഹകരണം തേടി ലേബർ കമ്മീഷണർ

സമരം, ലോക്കൗട്ട് എന്നിവ പിൻവലിക്കണമെന്നും ലേബർ കമ്മീഷണർ



തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹകരണം തേടി ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് ഐഎഎസ് ജില്ലാ കളക്ടർമാർക്ക് കത്തയച്ചു. കോവിഡ്-19 ബാധമൂലം സംസ്ഥാനത്ത് ജോലി നോക്കിയിരുന്ന അതിഥി തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും ജോലി നഷ്ടപ്പെട്ട സാഹചര്യമുണ്ട്. പലർക്കും നാട്ടിലേക്ക് തിരികെ പോകുവാൻ കഴിയാതെവരികയും ചെയ്ത അവസ്ഥയിൽ ഇവരുടെ സംരക്ഷണത്തിന്റെയും ഭക്ഷണത്തിന്റെയും ചുമതല സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.  


അതിഥി തൊഴിലാളികൾക്ക് ആവശ്യമായ താമസം, ഭക്ഷണം, ആരോഗ്യം എന്നീ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുമായി ബന്ധപ്പെട്ട് അതാത് എൻഫോഴ്‌സ്‌മെന്റ് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തേണ്ടതാണെന്ന് ഇതിനോടകം നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടം ദുരന്തനിവാരണ നിധിയിൽ നിന്ന് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തി അതത് ജില്ലാ ലേബർ ഓഫീസർമാരുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചാണ് കമ്മീഷണറുടെ കത്ത്.


സംസ്ഥാനത്ത് പൊതു / സ്വകാര്യ മേഖലകളിൽ എവിടെയെങ്കിലും നിലവിൽ സമരം, ലോക്കൗട്ട് എന്നിവ നിലനിൽക്കുന്നുണ്ടെങ്കിൽ കൊറോണ വൈറസ് (കൊവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ അത് പിൻവലിക്കുന്നതിന് ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് സർക്കുലർ വഴി നിർദേശം നൽകി. തൊഴിൽ മേഖലയിൽ സമാധാനവും സഹകരണവും ഉറപ്പുവരുത്തുവാൻ സാധാരണനില കൈവരിക്കേണ്ടതുണ്ട്. ഇതിനായി നടപടികൾ സ്വീകരിക്കണമെന്നും ലേബർ കമ്മീഷണർ നിർദേശിച്ചു.


കൊറോണ വൈറസ് (കൊവിഡ്-19) ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു / സ്വകാര്യ മേഖലയിലെയും നിർമ്മാണ മേഖല, തോട്ടം മേഖല, കശുവണ്ടി, മത്സ്യ സംസ്‌ക്കരണം, കയർ എന്നിവിടങ്ങളിലെയും സ്ഥാപനങ്ങളുടെ ഉടമകളും ഫാക്ടറി ഉടമകളും തൊഴിലാളികളും പാലിക്കേണ്ട നടപടിക്രമങ്ങൾ  സംബന്ധിച്ച്  പുറത്തിറക്കിയ സർക്കുലറിൽ തൊഴിൽ തർക്കങ്ങൾ, സമരങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.  ഇതിന്‍റെ തുടർച്ചയാണ് പുതിയ സർക്കുലർ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K