25 March, 2020 03:59:03 PM


ലോക്ക് ഡൗൺ: കറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്തും വാഹനങ്ങൾ പിടിച്ചെടുത്തും കേരള പോലീസ്



തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ തെരുവുകളിലേക്കിറങ്ങിയവർക്കെതിരെ കർശന നടപടികളുമായി പോലിസ്. മെട്രോ നഗരങ്ങളിലടക്കം ജനങ്ങൾ  സ്വകാര്യ വാഹനങ്ങൾ എടുത്ത് ഇറങ്ങിയ സാഹചര്യത്തിൽ പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങിയാൽ വണ്ടികളുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്കാണ് പൊലീസ് കടക്കുന്നത്. ലോക്ക് ഡൌൺ ചട്ടങ്ങൾ പാലിക്കാതിരുന്നാൽ കുടുങ്ങുമെന്ന് അധികൃതർ ആവർത്തിച്ച് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നതാണ്. 


ഇന്ന് രാവിലെ കൊച്ചിയിൽ മാത്രം അറസ്റ്റിലായത് 200 പേരാണ്. കണ്ണൂരിൽ അറസ്റ്റിലായത് 39 പേർ. തിരുവനന്തപുരത്തും കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകൾ ശേഖരിക്കാൻ തുടങ്ങി. രണ്ട് തവണ പൊലീസ് നിർദേശം ലംഘിച്ചാൽ റജിസ്ട്രേഷൻ റദ്ദാക്കും. അറസ്റ്റും കേസും നേരിടേണ്ടി വരും.


രാജ്യമാകെ അടച്ചപ്പോൾ കേരളത്തിൽ ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. പക്ഷേ നിർദേശങ്ങളൊന്നും അനുസരിക്കാൻ കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾ തയ്യാറല്ലെന്നതാണ് നിരത്തുകളിലെ തിരക്ക് തെളിയിക്കുന്നത്. നിരോധനാജ്ഞ നിലവിലുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ പോലും സ്വകാര്യവാഹനങ്ങൾ ഇഷ്ടംപോലെ ഓടുന്നു. പലരും സത്യവാങ്മൂലം കയ്യിൽ കരുതുന്നില്ല. പിടിക്കപ്പെടുന്ന പലരും ആശുപത്രികളിലേക്കാണ്, സാധനം വാങ്ങാനിറങ്ങിയതാണ് - എന്നിങ്ങനെ പല കള്ളങ്ങളും പറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.


കണ്ണൂരിൽ 69 പേരെയും, എറണാകുളത്ത് 200 പേരെയും അറസ്റ്റ് ചെയ്തു. കൊച്ചിയിൽ 1200 കേസെടുത്തു. കണ്ണൂരിൽ പിടിച്ചെടുത്തത് 39 വാഹനങ്ങൾ. പൊലീസ് നിർദ്ദേശം ലംഘിച്ചതിന് ഇന്നലെ 123 കേസുകളാണ് തലസ്ഥാനത്ത് മാത്രം രജിസ്റ്റർ ചെയ്തത്. ഇന്ന് ഈ കണക്ക് കൂടുമെന്ന് ഉറപ്പാണ്. ലോക്ക് ഡൗൺ ലംഘിച്ചതിന് കൊല്ലം സിറ്റി പൊലീസ് പരിധിയിൽ ഇന്ന് 106  കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട്ടിൽ ഇന്ന് ഇതുവരെ 20 കേസുകൾ റജിസ്റ്റർ  ചെയ്ത ഇന്നലെയും ഇന്നുമായി ആകെ ജില്ലയിൽ 127 കേസെടുത്തു. പത്തനംതിട്ടയിൽ അറുപത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് 113 വാഹനങ്ങൾ പിടിച്ചെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K