25 March, 2020 12:46:29 PM


ലോക്ക്ഡൗണ്‍: പച്ചക്കറികള്‍ക്ക് വില ഒറ്റ ദിവസം കൊണ്ട് ഇരട്ടി വരെയായി



കൊച്ചി: രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ അവശ്യ സാധനങ്ങൾക്ക് വില കൂടുന്നു. കേരളത്തിൽ പച്ചക്കറി വില രണ്ടു ദിവസം കൊണ്ടു ഉയരാൻ തുടങ്ങി. കൂടുതൽപേരും ഉപയോഗിക്കുന്ന ചെറിയ ഉള്ളിയ്ക്കാണ് വൻതോതിൽ വില കൂടിയത്. കഴിഞ്ഞ ദിവസം വരെ 60 രൂപയ്ക്ക് വിറ്റിരുന്ന ചെറിയ ഉള്ളിക്ക് ഇന്നത്തെ വില 95 രൂപയാണ്. ഒറ്റയടിക്ക് 35 രൂപയാണ് ചെറിയ ഉള്ളിക്ക് കൂടിയത്. വരുംദിവസങ്ങളിൽ പച്ചക്കറി വില ഇനിയും ഉയരുവാനാണ് സാധ്യത.


തക്കാളിയുടെ വിലയും ഇരട്ടിയായി വര്‍ദ്ധിച്ചു. ഇന്നലെ ഒരു കിലോ തക്കാളിക്ക് 20 രൂപയായിരുന്നെങ്കിൽ ഇന്ന് 40 ആയി. 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയായി വർദ്ധിച്ചിട്ടുണ്ട്. കാരറ്റ്, ബീൻസ് എന്നിവയ്ക്കും പത്ത് രൂപ വീതം കൂടി. പച്ചക്കറി കിറ്റിനും തോന്നുംപടിയാണ് പലയിടങ്ങളിലും വില ഈടാക്കുന്നത്. ലോക്ക് ഡൌൺ ആയതോടെ അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞുവെന്നാണ് കച്ചവടക്കാർ പറയുന്നത്. വിലക്കയറ്റത്തിന് കാരണമിതാണെന്നും അവർ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K