09 March, 2020 04:16:59 PM


കൊറോണ ഭീതിക്കിടയിലും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച്‌ ഭക്തര്‍ മടങ്ങി

- സ്വന്തം ലേഖകന്‍



തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച്‌ ഭക്തര്‍ മടങ്ങി. കൊറോണ ഭീതിക്കിടയിലും ആറ്റുകാല്‍ അമ്മയുടെ ഭക്തരായ ലക്ഷക്കണക്കിന് സ്ത്രീകള്‍ 15 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവുകളിലുമായി പൊങ്കാലയടുപ്പുകളുമായി നിരന്നു. തിങ്കളാഴ്ച രാവിലെ 9.45-ന് ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലച്ചടങ്ങുകള്‍ ആരംഭിച്ചത്. മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം പാടി. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.



പാട്ടു തീര്‍ന്നപ്പോള്‍ തന്ത്രി ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് നല്‍കി. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരയടുപ്പിലും അഗ്നി പകര്‍ന്നു. തുടര്‍ന്ന് ഭക്തര്‍ അടുപ്പുകളിലേയ്ക്ക് തീപകര്‍ന്നു. ഇതിനുള്ള വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയര്‍ന്നതോടെ നഗരം പൊങ്കാലപ്പുകയില്‍ അമര്‍ന്നു.

ഉച്ചയ്ക്ക് 2.10-ന് ഉച്ചപൂജയും നിവേദ്യവും കഴിഞ്ഞതോടെ പൊങ്കാല പൂര്‍ത്തിയായി. ഭക്തര്‍ വീടുകളിലേക്ക് മടങ്ങി. പൊങ്കാല നിവേദിക്കുന്നതിന് 250 പൂജാരിമാരെയാണ് നിയോഗിച്ചിരുന്നത്.



വൈകീട്ട് 7.30-ന് കുത്തിയോട്ടക്കാരുടെ ചൂരല്‍കുത്ത് നടക്കും. 12 വയസ്സിനു താഴെ പ്രായമുള്ള 830 കുട്ടികളാണ് കുത്തിയോട്ട നേര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രാത്രി 10.30-ന് ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. മണക്കാട് ശാസ്താക്ഷേത്രത്തിലേക്കു നടക്കുന്ന എഴുന്നള്ളത്ത് ചൊവ്വാഴ്ച രാവിലെ തിരിച്ചെഴുന്നള്ളും. രാത്രി കാപ്പഴിച്ച്‌, കുരുതിതര്‍പ്പണം നടത്തുന്നതോടെ ഉത്സവം സമാപിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K