01 March, 2020 05:50:28 PM


നെല്‍കൃഷിയില്‍ ചെലവ് കുറയ്ക്കാന്‍ വേറിട്ട പരീക്ഷണം; മോന്‍സിയുടെ പാടം കതിരണിഞ്ഞു

- സ്വന്തം ലേഖകന്‍



ഏറ്റുമാനൂര്‍: വെല്ലുവിളികള്‍ ഏറ്റെടുത്ത് നെല്‍കൃഷിയില്‍ നടത്തിയ പരീക്ഷണം വിജയപ്രദമായതിന്‍റെ ആഹ്ലാദത്തിലാണ് കോട്ടയം ജില്ലയിലെ കര്‍ഷകനായ പേരൂര്‍ പേരുമാലിയില്‍ മോന്‍സി പി തോമസ്. കൃഷിയ്ക്കായി മണ്ണില്‍ വളമിടുന്നതിന് പകരം ഇലകളില്‍ വളം തളിക്കുന്ന രീതിയാണ് ഈ വര്‍ഷം മോന്‍സി അവലംബിച്ചത്. ഇത് വന്‍തോതില്‍ ചെലവ് കുറച്ചുവെന്നു മാത്രമല്ല വിളവും വര്‍ദ്ധിപ്പിച്ചു.


പത്ത് വര്‍ഷത്തിലധികം തരിശ് കിടന്ന ഭൂമിയിലെ രണ്ടാം കൃഷിയിലാണ് "ഫോളിയാര്‍ ഫെര്‍ട്ടിലൈസേഷന്‍" എന്ന നൂതനരീതി പ്രയോഗിക്കപ്പെട്ടതെന്നതാണ് ഏറെ പ്രത്യേകത. തെള്ളകത്ത് പന്നികൊമ്പില്‍ തരിശ് കിടന്ന ഏഴര ഏക്കര്‍ ഭൂമി മോന്‍സി ഏറ്റെടുത്ത് കൃഷി ചെയ്തു തുടങ്ങിയത് കഴിഞ്ഞ വര്‍ഷം. അന്ന് വളത്തിന് മാത്രമായി ഏക്കറിന് 8000 രൂപയ്ക്കുമേല്‍ ചെലവ് വന്നു. വിളവും പ്രതീക്ഷിച്ച രീതിയില്‍ കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് തന്‍റെ പച്ചക്കറി കൃഷികളില്‍ പ്രയോഗിക്കാറുള്ള ഈ രീതി നെല്‍കൃഷിയ്ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് മോന്‍സി ചിന്തിച്ചു തുടങ്ങിയത്.


സിവില്‍ എഞ്ചിനീയറിംഗ് രംഗത്ത് നിന്ന് കൃഷിയിലേക്ക് കാലൂന്നിയ മോന്‍സി പിന്നീട് ആ വഴിക്കായി പഠനം. ഇന്‍റര്‍നെറ്റില്‍ തപ്പിയപ്പോള്‍ നെല്ലിന് ഈ രീതി അവലംബിക്കാമെന്ന അറിവ് ലഭിച്ചുവെങ്കിലും ഏതൊക്കെ വളമാണ് ഉപയോഗിക്കേണ്ടത് എന്നതിനെപറ്റി അറിയാനായില്ല. പിന്നീട് സമീപിച്ച വളംവിതരണക്കാരും കര്‍ഷകരും ഉള്‍പ്പെടെയുള്ളവര്‍ മണ്ടത്തരം കാണിക്കല്ലേ എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തി. കാര്‍ഷികഗവേഷകരുള്‍പ്പെടെ പലരില്‍നിന്ന് കിട്ടിയ അറിവിലൂടെ അവസാനം മോന്‍സി സ്വയം വളപ്രയോഗം നടത്തുകയായിരുന്നു.


ഒരു കേടുമില്ലാതെ ചെടികള്‍ കതിരണിഞ്ഞതിലെ സന്തോഷത്തിലാണ്  മോന്‍സിയിപ്പോള്‍. കഴിഞ്ഞ വര്‍ഷം ഒരു ഏക്കറിന് വളപ്രയോഗത്തിന് തന്നെ 8000 രൂപ ചെലവായപ്പോള്‍ ഇക്കുറി ചെലവായത് വെറും 300 രൂപ മാത്രം. ഇതുകൊണ്ട് കീടനാശിനിപ്രയോഗത്തിലും ലാഭമുണ്ടായി. ഏക്കറിന് 1500നും 2000രൂപയ്ക്കും ഇടയില്‍ മുടക്കിയ സ്ഥാനത്ത് ഈ വര്‍ഷം മൈക്രോന്യൂട്രീന്‍സ് ഉള്‍പ്പെടെയുള്ള വിറ്റാമിനുകള്‍ ചേര്‍ത്ത് മൂന്ന് തവണ വളം ഇലകളില്‍ സ്പ്രേ ചെയ്തതിന് ചെലവായത് 500 രൂപയോളം മാത്രം. നെല്‍കൃഷിയില്‍ മോന്‍സിക്ക് പിന്നെയുള്ള ചെലവ് നിലം ഒരുക്കുന്നതിനും ഇനി കൊയ്ത്തിനും മാത്രം. കഴിഞ്ഞ വര്‍ഷം കൃഷിഭവനില്‍നിന്നും നല്‍കിയ 'ജ്യോതി' വിത്താണ് കൃഷിയ്ക്ക് ഉപയോഗിച്ചത്. ഇക്കുറി ഒന്നുകൂടി മേന്മയേറിയ 'ഉമ' വിത്താണ് ലഭിച്ചത്.


ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ മോന്‍സിയ്ക്ക് നാല്‍പത് ഏക്കറിലാണ് ആകെ നെല്‍കൃഷിയുള്ളത്. എല്ലായിടത്തും ഇതേ രീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്. നാലേക്കറോളം സ്ഥലത്ത് വാഴ, മരച്ചീനി, പച്ചക്കറി കൃഷികളും ചെയ്തിട്ടുണ്ട് മോന്‍സി. സ്വന്തമായുള്ള മൂന്ന് ഏക്കറിനു പുറമെ 41 ഏക്കറും പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. 


മണ്ണില്‍ പ്രയോഗിക്കുന്ന വളം ചെടിയ്ക്ക് പൂര്‍ണ്ണമായി ലഭിക്കാത്തത് വിളവിനെ ബാധിക്കുന്നുണ്ടെന്നാണ് മോന്‍സിയുടെ പക്ഷം. മണ്ണിന്റെ ഗുണം അനുസരിച്ച് കൂടിയാണ് ചെടി വളം വലിച്ചെടുക്കുക. പലപ്പോഴും ഇത് ഇടുന്ന വളത്തിന്റെ 50 ശതമാനത്തില്‍ താഴെയായിരിക്കും. തരിശ് കിടന്ന ഭൂമിയാണെങ്കില്‍ പറയുകയും വേണ്ട. അതേസമയം ഇലകളില്‍ തളിച്ചുകൊടുക്കുന്ന ലായനിരൂപത്തിലുള്ള വളം അനുകൂലകാലാവസ്ഥയെങ്കില്‍ 90 ശതമാനമെങ്കിലും ചെടിയില്‍ എത്തിയിരിക്കുമെന്നാണ് മോന്‍സി പറയുന്നത്. തന്റെ ശ്രമം വിജയം കണ്ട വിവരം കൃഷി ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ ഇപ്പോള്‍ പാടം സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ടെന്ന് മോന്‍സി പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.4K