21 February, 2020 06:57:24 PM


ശിവരാത്രി ആഘോഷം തടഞ്ഞ് പോലീസ്: നെയ്യാർ ഡാമിൽ സംഘർഷാവസ്ഥ



തിരുവനന്തപുരം: നെയ്യാർ ഡാം കുന്നു ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം തടഞ്ഞ് പോലീസ്. ജലസേചന വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് വർഷങ്ങളായി പൂജകളില്ലാതെ കിടന്ന ക്ഷേത്രമാണിത്. ഇന്ന് ശിവരാത്രിയോടനുബന്ധിച്ച് ഭക്തർ നടത്താനിരുന്ന ചടങ്ങുകളാണ് കാട്ടാക്കട തഹസിൽദാരുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞത്.


ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചുള്ള പൊങ്കാലയും അന്നദാനവും പൂർത്തിയാക്കാൻ പോലും സമ്മതിച്ചില്ലെന്ന് ഭക്തജനങ്ങൾ കുറ്റപ്പെടുത്തി. ക്ഷേത്രം സർക്കാർ ഭൂമിയിലാണെന്നും തർക്കം നിലനിൽക്കുന്നതിനാൽ ഇവിടെ പൂജയും മറ്റും നടത്താൻ അനുവാദമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വ്യാഴാഴ്ച രാത്രി മുതൽ മലയിൻകീഴ് പോലീസ് സ്ഥലത്തു കാവൽ നിൽപ്പുണ്ട്.



വെള്ളിയാഴ്ച ശിവരാത്രിയോട് അനുബന്ധിച്ചു തൊഴുവാനും പൊങ്കാല അർപ്പിക്കാനുമായി എത്തിയ ഭക്തരെ ഇറക്കി വിടുകയും സ്ഥലം കയറു കെട്ടി അടയ്ക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭക്തരുടെ നേതൃത്വത്തിൽ നാമജപവും പ്രതിഷേധവും നടക്കുകയാണ്. എന്നാൽ ഉത്തരവ് മറികടന്നു ക്ഷേത്രത്തിൽ വെള്ളിയാഴ്ച്ച 11 മണിക്ക് ശേഷം ഭക്തർ അതിക്രമിച്ച് കയറിയത് തടയുകയാണുണ്ടായതെന്ന് പോലീസ് കൈരളി വാർത്തയോട് പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K