16 February, 2020 11:18:14 PM


സിസ്റ്റർ ലിനിയെയാണ് ആ സമയം ഓർമവന്നത്; കൊറോണ രോഗിയെ പരിചരിച്ച അനുഭവവുമായി മൃദുല




അടൂർ: ആരോടും മിണ്ടാതെ ഉറ്റവരയേയും ഉടയവരേയും കാണാതെ മരണത്തിന്‍റെ വിളി എപ്പോൾ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഒരാൾ. സാധാരണ ഒരാളുടെ കഥയല്ലിത്. കൊറോണ വൈറസ് ബാധിച്ച ഒരാളെ പരിചരിച്ച നഴ്സ് എസ്.മൃദുലയുടെ അനുഭവസാക്ഷ്യമാണിത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചിട്ട് അഞ്ചുമാസം ആയപ്പോഴാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഭയപ്പെട്ടിരുന്ന കൊറോണ വൈറസ് എന്ന രോഗം ബാധിച്ച ആളെ പരിചരിക്കാൻ നിയോഗിക്കുന്നത്.   


ചൈനയിൽനിന്നു എത്തിയ മെഡിക്കൽ വിദ്യാർഥിയായിരുന്നു രോഗി. ആദ്യം ഒന്ന് ഭയപ്പെട്ടെങ്കിലും നിപ രോഗികളെ പരിചരിച്ച് അതേരോഗം ബാധിച്ചു മരിച്ച സിസ്റ്റർ ലിനിയെ ആണ് ആ സമയം ഓർമവന്നത്. പിന്നീട് ഒന്നും ആലോചിച്ചില്ല. ഏൽപ്പിച്ച ദൗത്യം വളരെ ഭംഗിയോടെ ചെയ്തു തീർത്തു. ഒരു നഴ്സിന്‍റെ പേര് ലോകത്തിന്‍റെ നെറുകയിൽ എഴുതി ചേർക്കപ്പെടാൻ തക്കവണ്ണം പ്രയത്നിച്ചു. മൃദുലയെ കൂടാതെ മറ്റ് 25 ആരോഗ്യ പ്രവർത്തകരും ശുശ്രൂഷകരായി രംഗത്തുണ്ടായിരുന്നു.


ആറു ദിവസമാണ് രോഗിയെ മൃദുല പരിചരിച്ചത്. ഒരു ദിവസം നാലു മണിക്കൂർ ഇടവിട്ട് ഒരോ നഴ്സുമാർക്കായിരുന്നു പരിചരണ ചുമതല. ജോലി കഴിഞ്ഞാലും വീട്ടിൽ പോകാൻ സാധിക്കില്ല. ആശുപത്രിയിൽനിന്നു നേരേ ഹോസ്റ്റൽ, തിരിച്ച് ആശുപത്രി എന്നതായിരുന്നു സ്ഥിതി. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് മുതൽ ക്ലീനിങ് ജീവനക്കാർ വരെ വൈറസ് ബാധിച്ച രോഗിയെ ഒരോ തരത്തിൽ പരിചരിച്ചുകൊണ്ടിരുന്നു. രോഗി നല്ല ധൈര്യവാനായി അസുഖത്തെ നേരിടാൻ തയ്യാറായിനിന്നു. ഇതാണ് ലോകം പേടിച്ചുവിറച്ച വൈറസിനെ തുരത്താൻ സഹായിച്ചതെന്ന് മൃദുല പറയുന്നു.


കൊറോണ വൈറസ് പിടിപെട്ട ആളെ പരിചരിച്ച ദിവസങ്ങൾ നവമാധ്യമങ്ങളിലൂടെ മൃദുല പങ്കുവെച്ചിരുന്നു. തുടർന്ന് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. അടൂർ പെരിങ്ങനാട് ശ്രീമംഗലത്തിൽ കെ.സുരേന്ദ്രൻ നായരുടേയും ബിന്ദു എസ്.നായരുടെയും മകളാണ് മൃദുല. സഹോദരൻ ഹരിപ്രസാദ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K