15 February, 2020 06:53:27 AM


വ്യാജ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ വഴി വിവാഹവാഗ്‌ദാനം: ആശാ വർക്കറായ വീട്ടമ്മ അറസ്‌റ്റില്‍




കുമരകം: വ്യാജ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ വഴി വിവാഹ വാഗ്‌ദാനം നടത്തി യുവാവിനെ കബളിപ്പിച്ച 43 വയസുകാരിയെ കുമരകം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തിരുവാര്‍പ്പ്‌ പഞ്ചായത്തില്‍ മണിയത്ര രാജപ്പന്റെ ഭാര്യയും ആശാവര്‍ക്കറുമായ രജി രാജു(43)വാണു പോലീസിന്റെ പിടിയിലായത്‌. ആള്‍മാറാട്ടം, വ്യാജ ഐഡി നിര്‍മ്മിക്കല്‍, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കു കസ്‌റ്റഡിയിലെടുത്ത രജിയെ പോലീസ്‌ ചോദ്യംചെയ്‌തെങ്കിലും യഥാര്‍ഥ ലക്ഷ്യം കണ്ടെത്താനായില്ല. 


വ്യാജ ഫെയ്‌സ്‌ ബുക്ക്‌ അക്കൗണ്ട്‌ നിര്‍മ്മിച്ച രജി, കണ്ണൂര്‍ സ്വദേശിയായ കാക്കാമണി ബാലകൃഷ്‌ണന്റെ മകന്‍ കെ.എം. വികേഷിനു വിശ്വാസത്തിനായി അയച്ചുകൊടുത്തത്‌ അയല്‍വാസിയുടെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷന്‍ കാര്‍ഡിന്റേയും ആധാര്‍ കാര്‍ഡിന്റേയും കോപ്പികളുമാണ്‌. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേനയാണ്‌ ആശാ വര്‍ക്കറായ രജി അയല്‍വാസിയായ പെണ്‍കുട്ടിയുടെ റേഷന്‍ കാര്‍ഡിന്റേയും ആധാര്‍ കാര്‍ഡിന്റേയും കോപ്പികള്‍ കൈക്കലാക്കിയത്‌. 


ബാങ്കില്‍നിന്നു പണാപഹരണം നടത്തിയതിനും ഫെയ്‌സ്‌ ബുക്കില്‍ ആള്‍മാറാട്ട പോസ്‌റ്റിട്ടതിനും ഇവര്‍ക്കെതിരേ കേസെടുത്തു. 16 നു തൃപ്പയാര്‍ ക്ഷേത്രത്തില്‍ കല്യാണം നടത്തുന്നതിനു വരന്റെ ബന്ധുക്കള്‍ ഓഡിറ്റോറിയം ബുക്ക്‌ ചെയ്‌തിരുന്നു. കൂടാതെ കല്യാണത്തോടനുബന്ധിച്ചു വീടിന്റെ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചു. 400ല്‍പ്പരം ബന്ധുക്കളേയും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരേയും വിവാഹത്തിനു ക്ഷണിച്ചിരുന്നതായി വികേഷിന്റെ സഹോദരി വിനിഷ പറഞ്ഞു. വധുവിനെ കാണാന്‍ വരനോ ബന്ധുക്കള്‍ക്കോ അവസരം നല്‍കാതിരിക്കാന്‍ രജി മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. വധുവിനെ കാണാന്‍ രണ്ടു തവണ യാത്രതിരിച്ച വരനെ രണ്ടു തവണയും വിവിധ കാരണങ്ങള്‍ പറഞ്ഞു തിരിച്ചയച്ചു. വീട്ടില്‍ മരണം, ചിക്കന്‍ പോക്‌സ്‌, വഴി പണി തുടങ്ങിയ കാരണങ്ങള്‍ നിരത്തി ലോഡ്‌ജില്‍വച്ച്‌ കല്യാണ നിശ്‌ചയം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.


പുതുപ്പള്ളി സ്വദേശിനിയായ രജി ജനുവരി 27നു പെണ്ണിന്റെ അമ്മയായും പുതുപ്പള്ളി സ്വദേശി അച്‌ഛനായും കോട്ടയത്തെ ലോഡ്‌ജിലെത്തിയാണ്‌ യുവാവിന്റെ വീട്ടുകാരുമായി കല്യാണനിശ്‌ചയം നടത്തിയത്‌. 
വരന്റെ രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച്‌ വധുവിനു കണ്ണൂരിലേക്കു സ്‌ഥലംമാറ്റം വാങ്ങാന്‍ ശ്രമിക്കണമെന്നും രജി ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പു മനസിലാക്കിയ യുവാവ്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്‌ടവും മാനഹാനിയുമാണു കണ്ണൂര്‍ സ്വദേശിക്കുണ്ടായത്‌. കുമരകം സി.ഐ: ഷിബു പാപ്പച്ചന്‍, എസ്‌.ഐ: ജി. രജന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടത്തുന്നത്‌.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K