14 February, 2020 11:00:51 PM


'കുർബാന പണം മുക്കലും അവിഹിതബന്ധവും'; അസിസ്റ്റന്‍റ് വികാരിയെ സസ്പെൻഡ് ചെയ്തു



കൊച്ചി: സിറോ മലബാർ സഭയുടെ കീഴിലുള്ള ഇടപ്പള്ളി സെന്‍റ് ജോർജ് ഫൊറാന പള്ളിയിലെ മുൻ അസിസ്റ്റന്‍റ് വികാരി 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല തൈക്കാട്ടുശേരി സ്വദേശിയായ ഫാദർ പ്രിൻ തൈക്കൂട്ടത്തിനെ വൈദികവൃത്തിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി എറണാകുളം-അങ്കമാലി അതിരൂപത അറിയിച്ചു.


വിവിധ ഇടവകകളിൽനിന്ന് കുർബാനപ്പണമായി ലഭിച്ച പണം ഇയാൾ തട്ടിയെടുത്തുവെന്ന ആരോപണവുമായി കൂടുതൽ വൈദികർ രംഗത്തെത്തിയിട്ടുണ്ടെന്നും അതിരൂപത വക്താവ് ഫാ. പോൾ കാരേടൻ പറഞ്ഞു. കുർബാനപ്പണം തിരിമറി നടത്തിയതിനും സ്വഭാവദൂഷ്യത്തിനും ഫാദർ പ്രിൻസ് തൈക്കൂട്ടത്തിനെതിരെ ഈ മാസം ആറാം തീയതി എറണാകുളം അങ്കമാലി ആർച്ച് ബിഷപ്പ് ആന്‍റണി കാരിയിൽ നടപടിയെടുത്തിരുന്നു. ഇദ്ദേഹത്തെ വൈദികവൃത്തിയിൽനിന്ന് മാറ്റിനിർത്തുകയായിരുന്നു.


നേരത്തെ ആരോപണം ഉയർന്നപ്പോൾ പ്രിൻസ് തൈക്കൂട്ടത്തിനെ കറുകുറ്റിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇദ്ദേഹത്തിനെതിരെ കൂടുതൽ നടപടി സംബന്ധിച്ചുള്ള തീരുമാനം വത്തിക്കാനിൽനിന്ന് ഉടൻ ഉണ്ടാകുമെന്നാണ് സഭാവൃത്തങ്ങൾ പറയുന്നത്. ബന്ധുവിന്‍റെ ചികിത്സയ്ക്ക് എന്ന് പറഞ്ഞാണ് ഫാ. പ്രിൻസ് തൈക്കൂട്ടത്തിൽ മറ്റ് വൈദികരിൽനിന്ന് പണം പിരിച്ചത്. വിവിധ പള്ളികളിൽ കുർബാനപ്പണമായി ലഭിച്ച തുകയാണ് ഇത്തരത്തിൽ ശേഖരിച്ചത്.


ഈ പണം ഫാദർ പ്രിൻസ് തട്ടിയെടുക്കുകയായിരുന്നുവെന്ന് വ്യക്തമായതോടെയാണ് പരാതിയുമായി വൈദികർ രംഗത്തെത്തിയത്. അതേസമയം 28കാരനായ ഫാദർ പ്രിൻസ് തൈക്കൂട്ടത്തിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നും പിരിച്ചെടുത്ത തുക അവർക്ക് കൈമാറിയെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് തൈക്കൂട്ടത്തിനെതിരെ സഭാനേതൃത്വത്തിന് പരാതി ലഭിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K