10 February, 2020 11:13:35 PM


സിബിഐ ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്



കൊച്ചി: സി.ബി.ഐ ഉദ്യോഗസ്ഥ ചമഞ്ഞ് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാമെന്ന് വിശ്വസിപ്പിച്ച് വ്യവസായിയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച കേസിൽ നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഹൈദരാബാദ് സ്വദേശിയായ വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതും കേസിൽ പ്രതിയാണ്.



സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന സാംബശിവ റാവുവിനെ സമീപിച്ച് കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ദില്ലി ഓഫീസ് നമ്പര്‍ ദുരുപയോഗം ചെയ്യുകയും ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഹൈദരാബാദ് സ്വദേശി മണിവര്‍ണന്‍ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ്, അര്‍ച്ചിത് എന്നിവരെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ഇവരിൽ നിന്നാണ് ലീനയുടെ പങ്ക് വെളിപ്പെട്ടത്. ഇതേത്തുടർന്ന് ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലെയും ബ്യൂട്ടി പാര്‍ലറിലും വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. ലീന ഇപ്പോൾ ഒളിവിലാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 


സിബിഐയുടെ ദില്ലി ഓഫീസ് നമ്പര്‍ സ്പൂഫ് ചെയ്തത് അര്‍ച്ചിതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും വീടുകളിലും നോട്ടീസ് പതിച്ചിരുന്നു. എന്നാൽ അവർ ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനെ തുടർന്നാണ് ലുക്ക്ഔട്ട് നോട്ടീസിറക്കിയത്. കൊച്ചിയിൽ ലീനയുടെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെപ്പ് കേസില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ സംഘാംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പണം തട്ടിപ്പിന് മുംബൈയില്‍ വെച്ച് ലീനയും ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖരനും നേരത്തെ അറസ്റ്റിലായിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K