09 February, 2020 07:40:53 AM


'വലിയ വായില്‍ ബഡായി വിടാന്‍ സിപിഎം നേതാക്കളെ വിളിക്കരുത്' - കെ.സുരേന്ദ്രന്‍




തിരുവനന്തപുരം:  മലയാള മാധ്യമങ്ങൾ ഫെബ്രുവരി 11ന് എന്തിന് സി. പി. എം നേതാക്കളെ ചർച്ചയ്ക്ക് വിളിക്കണമെന്ന ചോദ്യവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ദില്ലിയിലെ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ പോലും സിപിഎമ്മോ ഇടതുകക്ഷികളോ എന്തുകൊണ്ട് തയ്യാറായില്ല? സിപിഎമ്മിന്‍റെ ദേശീയനേതാക്കളൊക്കെ വോട്ടുചെയ്യുന്നത് മാധ്യമങ്ങളിൽ വലിയ വാർത്തയായിക്കണ്ടു. ആർക്കാണ് അവരൊക്കെ വോട്ട് ചെയ്തത്?- സുരേന്ദ്രൻ ചോദിക്കുന്നു.


'ഒരു പതിനായിരം രൂപ കെട്ടിവെക്കാനും പത്തു വോട്ടർമാരെ പിന്തുണയ്ക്കാനും ഉണ്ടെങ്കിൽ ആർക്കും ഈ ഭാരതത്തിൽ ഒരു സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാം. തോൽക്കുമെന്നറിഞ്ഞിട്ടും 1959 മുതൽ ജനസംഘവും ബി. ജെ. പിയും കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും മൽസരിക്കുന്നില്ലേ? പതിനേഴാമത്തെ തെരഞ്ഞെടുപ്പിലാണ് ശ്രീ. ഓ. രാജഗോപാൽ കേരളത്തിൽ വിജയിച്ചത്. ദയവായി പതിനൊന്നാം തീയതി വന്നിരുന്ന് വലിയ വായിൽ ബഡായി വിടരുതെന്ന് മുൻകൂറായി ഓർമ്മിപ്പിക്കുകയാണ്......' - സുരേന്ദ്രൻ പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം


മലയാള മാധ്യമങ്ങൾ ഫെബ്രുവരി 11ന് എന്തിന് സി. പി. എം നേതാക്കളെ ചർച്ചയ്ക്ക് വിളിക്കണം? ജെ. എൻ. യു. സമരത്തിൽ സി. പി. എം, ഷാഹിൻബാഗ് സമരത്തിൽ സിപിഎം, പൗരത്വസമരത്തിലാകെ സിപിഎം. എന്നാൽ ദില്ലിയിലെ ജനാധിപത്യ ഉൽസവത്തിൽ ഒരു സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ പോലും സിപിഎമ്മോ ഇടതുകക്ഷികളോ എന്തുകൊണ്ട് തയ്യാറായില്ല? സിപിഎമ്മിന്‍റെ ദേശീയനേതാക്കളൊക്കെ വോട്ടുചെയ്യുന്നത് മാധ്യമങ്ങളിൽ വലിയ വാർത്തയായിക്കണ്ടു. ആർക്കാണ് അവരൊക്കെ വോട്ട് ചെയ്തത്?


ഒരു പതിനായിരം രൂപ കെട്ടിവെക്കാനും പത്തു വോട്ടർമാരെ പിന്തുണയ്ക്കാനും ഉണ്ടെങ്കിൽ ആർക്കും ഈ ഭാരതത്തിൽ ഒരു സ്ഥാനാർത്ഥിയെ നിർത്തി മൽസരിപ്പിക്കാം. പൗരത്വനിയമഭേദഗതി രാജ്യവ്യാപകമായി ചർച്ചചെയ്യുമ്പോൾ അതിൽ മുസ്ളീം ന്യൂനപക്ഷങ്ങൾക്കുവേണ്ടി ഇത്രയധികം വാദിക്കുന്ന ഒരു പാർട്ടി അവർക്ക് എത്ര ജനപിന്തുണ ഇക്കാര്യത്തിലുണ്ടെന്ന് ഒരു പരിശോധനയെങ്കിലും നടത്താനുള്ള അവസരമായിരുന്നില്ലേ ഈ തെരഞ്ഞെടുപ്പ്? തോൽക്കുമെന്നറിഞ്ഞിട്ടും 1959 മുതൽ ജനസംഘവും ബി. ജെ. പിയും കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും മൽസരിക്കുന്നില്ലേ? പതിനേഴാമത്തെ തെരഞ്ഞെടുപ്പിലാണ് ശ്രീ. ഓ. രാജഗോപാൽ കേരളത്തിൽ വിജയിച്ചത്.


പാർലമെന്‍ററി ജനാധിപത്യത്തിൽ രാഷ്ട്രീയപാർട്ടികൾ പിന്നെ എങ്ങനെയാണ് ജനപിന്തുണ അളക്കുന്നത്? അഥവാ നിങ്ങൾ സായുധവിപ്ളവത്തിലൂടെ ദില്ലി പിടിക്കാനായിരുന്നോ ആഗ്രഹിച്ചിരുന്നത്? ദയവായി പതിനൊന്നാം തീയതി വന്നിരുന്ന് വലിയ വായിൽ ബഡായി വിടരുതെന്ന് മുൻകൂറായി ഓർമ്മിപ്പിക്കുകയാണ്......
അടിക്കുറിപ്പ്: (കോൺഗ്രസ്സ് നേതാക്കൾ ആർക്കു വോട്ടുചെയ്തെന്ന് പതിനൊന്നിന് പറയാം)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K