08 February, 2020 06:21:10 PM


ഓപ്പറേഷന്‍ എയര്‍ലിഫ്റ്റ്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കളമശേരി മെഡി. കോളേജ് മാതൃകയായി

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണങ്ങളില്ല; പരിശോധന ഫലം രണ്ടുദിവസത്തിനകം



കൊച്ചി: സമയം രാത്രി 12.30. ഉറങ്ങുന്ന നഗരവീഥികളിലൂടെ ആറ് ആംബുലന്‍സുകളുടെ നിര ഹെല്‍ത്ത് ഓഫീസര്‍ എന്‍. ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിലേക്ക്. ആംബുലന്‍സുകള്‍ പ്രധാന കവാടം ഒഴിവാക്കി ഐസൊലേഷന്‍ യൂണിറ്റിലേക്കുള്ള പ്രത്യേക വഴിയിലേക്ക്. ആംബുലന്‍സ് വ്യൂഹത്തെ സ്വീകരിക്കാന്‍ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ സ്യൂട്ട് അണിഞ്ഞ 60 അംഗ സംഘം. മെഡിക്കല്‍ കോളേജില്‍ ഏഴു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഐസൊലേഷന്‍ യൂണിറ്റിലെ ചെറു ചലനങ്ങള്‍ പോലും സിസിടിവി മോണിറ്റര്‍ വഴി സൂക്ഷ്മമായി നിരീക്ഷിച്ച് ഐസൊലേഷന്‍ കണ്‍ട്രോള്‍ റൂം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൊച്ചി കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്നത് രാജ്യത്തിനു മാതൃകയായ പ്രവര്‍ത്തനം. 


കൊറോണ ആശങ്കയുമായി ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്ന് കൊച്ചിയിലെത്തിയ 15 വിദ്യാര്‍ഥികളുടെ പരിശോധനയാണ് കൃത്യമായ ആസൂത്രണത്തോടെ അതിവേഗം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കിയത്. പരിശോധനയില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. ഇന്ന് പുലര്‍ച്ചെ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ സാംപിളുകള്‍ ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധന ഫലം രണ്ടുദിവസത്തിനകം ലഭിക്കും. രോലക്ഷണങ്ങളില്ലാത്തതിനെ തുടര്‍ന്ന് ഇവരെ മാതാപിതാക്കള്‍ക്കൊപ്പം വീടുകളിലേക്ക് വിട്ടു. എങ്കിലും ഇവര്‍ 28 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണം.


യാത്രാക്ഷീണവും കൊറോണ ഭീതിയുമായി കൊച്ചിയിലെത്തിയ വിദ്യാര്‍ഥികളുടെ വൈദ്യ പരിശോധനയും സാപിള്‍ ശേഖരണവും ഒരു മണിക്കൂര്‍ കൊണ്ടാണ് കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ യൂണിറ്റില്‍ പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളെത്തുമെന്ന സന്ദേശം ലഭിച്ചതു മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് കളമശേരി മെഡിക്കല്‍ കോളേജും ഡിഎംഒ ഓഫീസും നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1 മണിക്കാണ് ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ കുടുങ്ങിക്കിടന്ന 15 വിദ്യാര്‍ഥികള്‍ കൊച്ചി വിമാനത്താവളത്തിലെത്തുമെന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കളക്ട്രേറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ സന്ദേശമെത്തുന്നത്. 



വൈകിട്ട് 5.30 ന് കളക്ട്രേറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നടന്ന ദിവസേനയുള്ള കൊറോണ അവലോകന യോഗത്തില്‍ വിദ്യാര്‍ഥികളെത്തിയാല്‍ ഉടന്‍ കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേന്‍ വാര്‍ഡിലെത്തിക്കാനും വൈദ്യ പരിശോധനകള്‍ അതിവേഗം പൂര്‍ത്തിയാക്കാനും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാനും തീരുമാനം. ഒരു മാസ് കാഷ്വാലിറ്റിക്ക് സമാനമായ സാഹചര്യം നേരിടാനുള്ള സര്‍വ സജ്ജീകരണങ്ങളും ഒരുക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കാന്‍ പ്രത്യേക ആംബുലന്‍സ് സജ്ജമാക്കാന്‍ ഹെല്‍ത്ത് ഓഫീസര്‍ എന്‍. ശ്രീനിവാസനെ ചുമതലപ്പെടുത്തി. ഐസൊലേഷന്‍ യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഐസൊലേഷന്‍ യൂണിറ്റ് ഇന്‍ചാര്‍ജും ആര്‍എംഒയുമായ ഡോ. ഗണേഷ് മോഹനെയും ചുമതലപ്പെടുത്തി. എഡിഎം കെ. ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയിലായിരുന്നു യോഗം. അഡീഷണല്‍ ഡിഎംഒ ഡോ. കെ.ശ്രീദേവിയാണ് വിദ്യാര്‍ഥികളെത്തുന്നത് സംബന്ധിച്ച സന്ദേശം മെഡിക്കല്‍ കോളേജിലേക്ക് കൈമാറിയത്. 


രാത്രി 8.45ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോ. ഗണേഷ് മോഹന്‍റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. സാംപിള്‍ കളക്ഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, നഴ്‌സിംഗ് സൂപ്രണ്ടുമാരായ കെ.ഡി. മേരി, ഗീത കുമാരി, സെക്യൂരിറ്റി ഓഫീസര്‍ സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷഫീഖ്, മെഡിസിന്‍ വിഭാഗം മേധാവി ജിന്‍സ് ജോര്‍ജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായര്‍, എആര്‍എംഒ ഡോ. മനോജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. 15 വിദ്യാര്‍ഥികളെത്തുമ്പോള്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വൈദ്യ പരിശോധന നടത്താനും സാംപിളുകള്‍ ശേഖരിക്കാനും ക്രമീകരണങ്ങള്‍ നടത്തുന്നു. ഐസൊലേഷന്‍ യൂണിറ്റ് ഒപിയില്‍ അഞ്ച് മേശകളിലായി അഞ്ച് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, മൂന്ന് അറ്റന്‍ഡര്‍മാര്‍ എന്നിവരടങ്ങിയ സംഘത്തെ വിന്യസിക്കുന്നു. സാംപിള്‍ ശേഖരണം മറ്റൊരു നിലയിലേക്ക് മാറ്റി.


തൊണ്ടയില്‍ നിന്നുള്ള സാംപിള്‍ ശേഖരിക്കാന്‍ ഒരു സംഘത്തെയും രക്ത സാംപിളുകള്‍ ശേഖരിക്കാന്‍ മറ്റൊരു സംഘത്തെയും നിയോഗിച്ചു. ഐസൊലേഷന്‍ യൂണിറ്റിലെ ചികിത്സാ സംബന്ധമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ കോളേജിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. രാത്രി 10.30ന് മെഡിക്കല്‍ കോളേജിലെ കണ്‍ട്രോള്‍ റൂമില്‍ രണ്ടാം ഘട്ട അവലോകന യോഗം ചേരുന്നു. ആംബുലന്‍സില്‍ വിദ്യാര്‍ഥികളെത്തിയാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ഒരിക്കല്‍ കൂടി വിലയിരുത്തുന്നു. ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് ഉറപ്പാക്കുന്നു. രാത്രി 11.00 മണിയ്ക്ക്  ക്രമീകരണങ്ങള്‍ കുറ്റമറ്റതെന്ന് ഉറപ്പാക്കാന്‍ മോക്ക് ഡ്രില്‍ നടത്തുന്നു. പിഴവുകളെല്ലാം പരിഹരിച്ച് അടിയന്തിര സാഹചര്യം നേരിടുന്നതിനു സര്‍വ സജ്ജരായി കളമശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ജീവനക്കാരും.



പുലര്‍ച്ചെ 1 മണിക്ക് ചൈനയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ഥികളെയും കൊണ്ട് ആംബുലന്‍സുകള്‍ മെഡിക്കല്‍ കോളേജിലെത്തുന്നു. മൂന്ന് ബാച്ചുകളായി തിരിഞ്ഞ് വിദ്യാര്‍ഥികളുടെ വൈദ്യ പരിശോധനയും സാംപിള്‍ ശേഖരണവും ആരംഭിച്ചു. യാത്രാക്ഷീണവും കൊറോണ ആശങ്കയുമായി വന്നിറങ്ങിയ വിദ്യാര്‍ഥികളുടെ വൈദ്യ പരിശോധന ഒരു മണിക്കൂറിനകം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥികളുടെ ഹൃദയമിടിപ്പും ശരീരത്തിലെ താപനിലയും രക്തസമ്മര്‍ദവും പരിശോധിച്ചു പ്രശ്‌നങ്ങളിലെന്ന് ഉറപ്പാക്കി. ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് താപനില പരിശോധിച്ചത്. ആര്‍ക്കും രോഗത്തിന്റെ ലക്ഷണങ്ങളില്ലെന്ന് കണ്ടെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രവീണ്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ക്ലാസെടുത്തു.


ആശങ്കയില്ലാതെ വീട്ടിലേക്ക് മടങ്ങുന്നതിനും രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും ഡോക്ടര്‍ വിശദീകരിച്ചു. ഇവരുടെ ലഗേജുകളും ഇവരെ എത്തിച്ച ആംബുലന്‍സുകളും അണുവിമുക്തമാക്കി. വിദ്യാര്‍ഥികളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ച് മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഡോ. ഗണേഷ് മോഹന്റെയും മെഡിസിന്‍ പ്രൊഫസര്‍ ഡോ. കെ. ജേക്കബിന്റെയും നേതൃത്വത്തിലാണ് ഐസൊലേഷന്‍ യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. പള്‍മണോളജി വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഐസൊലേഷന്‍ ട്രിയാഷ് പരിശോധന പൂര്‍ത്തിയാക്കിയത്. 
ഐസൊലേഷന്‍ യൂണിറ്റില്‍ സജ്ജീകരിച്ച സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിച്ചാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. മോക്ക് ഡ്രില്ലും യഥാര്‍ഥ പ്രവര്‍ത്തനവും തത്സമയം നിരീക്ഷിച്ചു.


ഒരേ സമയം 15 പേരെ പരിശോധിക്കേണ്ടി വരുമ്പോള്‍ ഐസൊലേഷന്‍ യൂണിറ്റിന് നല്ല സമ്മര്‍ദമുണ്ടാകുന്നതു മൂലം പിഴവുകളുണ്ടായാല്‍ അത് ആരോഗ്യ പ്രവര്‍ത്തകരെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ പിഴവുകളില്ലെന്ന് ഉറപ്പാക്കാനാണ് തത്സമയ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. സാധാരണ 15 പേര്‍ മാത്രം ജോലി ചെയ്യുന്ന ഐസൊലേഷന്‍ സെന്ററില്‍ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഞൊടിയിടയില്‍ നാല്‍പ്പതോളം പേരെ വിന്യസിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍, ക്ലീനര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഐസൊലേഷന്‍ സെന്ററില്‍ ജോലി ചെയ്തത്.


കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി ആശുപത്രിയിലെ മറ്റു പ്രവര്‍ത്തനങ്ങളെയൊന്നും ബാധിക്കാതെയാണ് വിദ്യാര്‍ഥികളുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ ഡിഎംഒ ഓഫീസും മെഡിക്കല്‍ കോളേജും ഏറ്റെടുത്തിരിക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികച്ച മാതൃകയാണിതെന്ന് ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍ പറഞ്ഞു. കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരണമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശക്തമായ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K