26 January, 2020 11:41:39 AM


വരന്‍റെ വാഹനം മോട്ടോർ വാഹന വകുപ്പിന്‍റെ സ്ക്വാഡ് പിടികൂടി; വിവാഹം വൈകി



കുമളി: വരനും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനം മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വഴിയിൽ പിടികൂടി. വാഹനം അര മണിക്കൂർ വഴിയിൽ കിടന്നതോടെ നിശ്ചയിച്ചിരുന്ന സമയവും തെറ്റി. വരൻ സഞ്ചരിച്ച വാഹനം കള്ളടാക്സിയാണെന്ന് ആരോപിച്ചാണ് സ്ക്വാഡ് പിടികൂടിയത്. ഇതോടെ 11.30ന് നിശ്ചയിച്ച വിവാഹത്തിന് വരന് ദേവാലയത്തിൽ എത്തായനായത് 11.50ന്.


നെടുങ്കണ്ടം എഴുകുംവയൽ കാക്കനാട് റെനിറ്റിന്‍റെ മനസ്സമ്മതം രാജാക്കാട് ക്രിസ്തുരാജ് ദേവാലയത്തിൽ ഇന്നലെ രാവിലെ 11.30നാണു നിശ്ചയിച്ചിരുന്നത്. രാജാക്കാട് സ്വദേശിനിയായ പെൺകുട്ടിയായിരുന്നു വധു. എഴുകുംവയലിൽ നിന്നു യാത്ര ആരംഭിച്ച് കുമളി- മൂന്നാർ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോഴാണു മൈലാടുംപാറയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്.

വരനും സുഹൃത്തുക്കളും അഭ്യർത്ഥിച്ചിട്ടും വാഹനം വിട്ടുനൽകാൻ ഉദ്യോഗസ്ഥർ തയാറായില്ല. വാഹനം പിടിച്ചെടുത്തതോടെ സ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും വിവാഹസംഘത്തിൽ ഉണ്ടായിരുന്നവരും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. വരൻ സഞ്ചരിച്ചിരുന്ന വാഹനം സുഹൃത്തും സമീപവാസിയുമായ വ്യക്തിയുടേതായിരുന്നു. ഈ വാഹനത്തിനു മോട്ടോർ വാഹന വകുപ്പ് 6000 രൂപ പിഴയിടുകയും ചെയ്തു.


വിവാഹച്ചടങ്ങുകൾക്ക് കള്ള ടാക്സി ഉപയോഗിക്കുന്നതായി പരാതികൾ ഉണ്ടെന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം  വഴിയിൽ തടഞ്ഞിട്ടതു കാരണം സമയം നഷ്ടപ്പെട്ടെന്നും ഈ സമയം സംസ്ഥാനപാതയിലൂടെ പോയ മറ്റു വാഹനങ്ങൾ പരിശോധിച്ചില്ലെന്നും മനഃപൂർവമാണ് ഉദ്യോഗസ്ഥർ ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K