24 January, 2020 09:13:35 PM


കൊറോണ വൈറസിനെതിരെ ജാഗ്രത ശക്തമാക്കി കേരളാ സര്‍ക്കാര്‍ ; ഐസൊലേഷന്‍ വാര്‍ഡുകള്‍ രൂപികരിക്കും



തിരുവനന്തപുരം : കൊറോണ വൈറസിനെതിരെ ജാഗ്രത ശക്തമാക്കി കേരളാ സര്‍ക്കാര്‍. ചൈനയില്‍ നിന്നും കോറോണ വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തിലാണ് മുന്‍കരുതലെടുക്കുന്നത്. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (ഗൈഡ്ലൈന്‍) പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്.


ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നത്. ഇവയെല്ലാം കര്‍ശനമായി പാലിക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു.


മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാണ്ടതാണ്. മാസ്‌ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്ബിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കോട്ടയത്ത് ചൈനയില്‍ നിന്നെത്തിയ ഒരു യുവാവ് നിരീക്ഷണത്തിലാണ്. ചൈനയില്‍നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. കൊറോണ ബാധ സംശയിച്ച ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന രണ്ടുപേര്‍ മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും കര്‍ശന നിരീക്ഷണവും ജാഗ്രതയും പരിശോധനയും നടത്താന്‍ കേന്ദ്രസര്‍ക്കാരും വ്യോമയാനമന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊച്ചി അടക്കം ഏഴു വിമാനത്താവളങ്ങളില്‍ തെര്‍മോഗ്രാഫിക് ക്യാമറ സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K