23 January, 2020 02:38:04 PM


പാതിരാമണലിനോട് ചേർന്ന് വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് കത്തിനശിച്ചു; ആളപായമില്ല




ആലപ്പുഴ: വേമ്പനാട് കായലിൽ പാതിരാമണൽ ഭാഗത്ത്, ഹൗസ് ബോട്ട് കത്തിനശിച്ചു. കണ്ണൂരിൽ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു. തീപിടിച്ചതോടെ, കായലിൽ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. 


കുമരകത്തു നിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ട് ആണ് അഗ്നിക്കിരയായത്. പകൽ 1.30 മണിയോടെയായിരുന്നു സംഭവം. മുഹമ്മയിൽ നിന്നും കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ  S 54  ബോട്ടിലെ ജീവനക്കാരാണ് ഹൗസ് ബോട്ടിനു  തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് ബോട്ട് അങ്ങോട്ടേക്ക് നീങ്ങി. 


 തീ പടർന്നതോടെ, യാത്രക്കാർ കായലിലേക്ക് ചാടി. ഇവരിൽ ഒരാളുടെ കയ്യിൽ ആറു മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. കായലിൽ ഈ ഭാഗത്ത് അഞ്ചടിയോളം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിലേക്ക് ചാടിയ യാത്രികരെ തുടർന്ന്  ജലഗതാഗതവകുപ്പ് ബോട്ടിൽ കയറ്റി. ഹൌസ് ബോട്ടിലെ ജീവനക്കാരായ മറ്റു മൂന്നു പേരെ, ചെറു വള്ളങ്ങളിൽ എത്തിയവർ കരയിലെത്തിച്ചു.


അപ്പോഴേക്കും ബോട്ട് ഏറെക്കുറെ പൂർണമായും കത്തി. ഹൗസ്ബോട്ടിന്റെ  അടുക്കള ഭാഗത്തു നിന്നാണ് തീ പടർന്നത്. പാചക വാതക ചോർച്ചയോ, ഷോർട്ട് സർക്യൂട്ടോ അപകടത്തിന് കാരണമായതായി കണക്കാക്കുന്നു. മുഹമ്മ പോലീസും അഗ്നിശമന സേനാ സംഘവും സ്ഥലത്തെത്തി. കായലിലായതിനാൽ ഇവർ എത്തിയപ്പോഴേക്കും ബോട്ട് ഏതാണ്ട് പൂർണ്ണമായും കത്തിയമർന്നിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K