13 January, 2020 07:01:56 PM


സ്വാര്‍ത്ഥത ഉപേക്ഷിക്കുകയാണ് ആദ്ധ്യാത്മികത - സ്വാമി ജ്ഞാനാമൃതാനന്ദാപുരി



കൊട്ടാരക്കര: സ്വാര്‍ത്ഥത ഉപേക്ഷിച്ച് അഹങ്കാര രഹിതരായി ജീവിക്കുകയാണ് ശരിയായ ആദ്ധ്യാത്മികതയെന്ന് കൊല്ലം അമൃതാനന്ദമയി മഠത്തിലെ സന്യാസിവര്യനായ സ്വാമി ജ്ഞാനാമൃതാനന്ദ പുരി പറഞ്ഞു. അഞ്ചല്‍ സുകൃതം ബാലാശ്രമത്തില്‍ നടക്കുന്ന ഗീതാജ്ഞാന യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോരുത്തരുടേയും അടുത്തു നില്‍ക്കുന്നവരെ സഹായിക്കാനുള്ള സന്മനസുണ്ടാകണം. സേവനവും സഹായവുമാണ് ഈശ്വരാരാധനയെന്ന് തിരിച്ചറിയണം. ഭഗവദ് ഗീതാ പഠനം ഈശ്വരനെ അടുത്തറിയാനുള്ള ഉപാധികൂടിയാണെന്ന് സ്വാമി പറഞ്ഞു.


രാഷ്ട്രീയ സ്വയം സേവകസംഘം സംസ്ഥാന സഹസമ്പര്‍ക്ക പ്രമുഖ് കാഭാ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രകൃതിയെ നമ്മുടെ ഭാഗമായി കണ്ട് ഉപാസിക്കുന്നിടത്താണ് പരിസ്ഥിതി സംരക്ഷണം ആരംഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി തന്നെയാണ് ഈശ്വരന്‍. ചെയ്യുന്ന ഓരോ കര്‍മ്മവും ഈശ്വരാര്‍പ്പണമാകണം. പകയും അസൂയയും മനസില്‍ നിന്നകന്നാല്‍ മാത്രമേ ഈശ്വര രൂപത്തെ പ്രാപിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. സുകുമാര പിള്ള അധ്യക്ഷനായിരുന്നു.  ഗീതാജ്ഞാന യജ്ഞം പതിനാറിന് സമാപിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K