12 January, 2020 08:10:46 PM


'പോസ്​റ്റര്‍ പിടിച്ച പുലിവാല്​'; വിമര്‍ശനളുടെ നടുവില്‍ എ.എം ആരിഫ്​ എം.പി​



ആലപ്പുഴ​: തെരഞ്ഞെടുപ്പ്​ പോസ്​റ്ററിനു ദേശീയ അവാര്‍ഡ്​ കിട്ടിയ വാര്‍ത്ത പങ്കുവെച്ച എ.എം. ആരിഫ് എം.പി വലിയ പുലിവാല് പിടിച്ചിരിക്കുകയാണ്. ലോക്​സഭ തെരഞ്ഞെടുപ്പ്​ കാല​​ത്തെ പോസ്​റ്ററുകള്‍ക്ക്​ രണ്ടു​ ദേശീയ അവാര്‍ഡ്​ ലഭിച്ചെന്ന  വിവരമാണ്​ ഫേസ്​ബുക്ക്​ പേജ്​ വഴി എം.പി. പങ്കുവെച്ചത്​. എന്നാല്‍, പോസ്​റ്റിനു​ താഴെ അഭിനന്ദനങ്ങളെക്കാള്‍ കൂടുതല്‍ നിറഞ്ഞത് പ്രതിഷേധകുറിപ്പുകള്‍.


രാജ്യം മുഴുവന്‍ പോരാട്ടവഴിയില്‍ നില്‍ക്കെ ജനപ്രതിനിധികള്‍ ഇങ്ങനെ ചെയ്യുന്നത്​ ശരിയ​ല്ലെന്ന്​ പലരും പ്രതികരിച്ചു. 1600 എന്‍ട്രികളില്‍നിന്നാണ്​ മികച്ചത്​ തെരഞ്ഞെടുത്തതെന്നും മികച്ച പോസ്​റ്ററിനും പ്രിന്‍റര്‍ക്കുമുള്ള അവാര്‍ഡാണ്​ ലഭിച്ചതെന്നുമാണ് എംപിയുടെ​ കുറിപ്പിലുള്ളത്​​​. 'ഈ കെട്ട കാലത്തും കേരളത്തിന്​ അഭിമാനിക്കാന്‍ ഇതില്‍പരം മറ്റെന്തുണ്ട്​ ! ലവ്​ യൂ സഖാവേ' എന്ന ആക്ഷേപ പോസ്​റ്റുമായി വി.ടി. ബല്‍റാം എം.എല്‍.എയും രംഗ​ത്തെത്തി​.


ഇതിനുമുമ്പും അവാര്‍ഡി​​ന്‍റെ പേരില്‍ ആരിഫ്​ പുലിവാലു​ പിടിച്ചിട്ടുണ്ട്​. രാജ്യത്തെ ഏറ്റവും മികച്ച എം.എല്‍.എക്കുള്ള അവാര്‍ഡ്​ ലഭിച്ച ​പാേസ്​റ്ററുകള്‍ അരൂരില്‍ സ്ഥാപിച്ചതിനെതിരെ എതിര്‍സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്​മാന്‍ അന്ന്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരുന്നു. 2017ലാണ്​ 'കശ്മീര്‍ ടു കേരള സോഷ്യല്‍ ഫൗണ്ടേഷന്‍'​ ആരിഫിനെ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭ സാമാജികനായി തെരഞ്ഞെടുത്തത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K