12 January, 2020 07:53:28 PM


രക്തക്കറയും അജ്ഞാത മനുഷ്യനും: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചതില്‍ ദുരൂഹത



തിരുവനന്തപുരം: ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് തലസ്ഥാനനഗരിയിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതില്‍ ദുരൂഹത. ബൈക്കില്‍ നിന്നും കണ്ടെത്തിയ രക്തക്കറയും സിസി ടിവിയില്‍ പതിഞ്ഞ അജ്ഞാത മനുഷ്യനുമാണ് ദുരൂഹത പരത്തുന്നത്. വെള്ളയമ്പലം-ശാസ്തമംഗലം റോഡിലെ അപകടത്തില്‍ നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് ലോ കോളജിലെ നാലാം വര്‍ഷ നിയമവിദ്യാര്‍ഥി ശാസ്തമംഗലം ബിന്ദുലായില്‍ ആദിത്യ ബി മനോജ് (22), യൂബര്‍ ഈറ്റ്‌സ് വിതരണക്കാരന്‍ നെടുമങ്ങാട് സ്വദേശി അബ്ദുല്‍ റഹീം (41) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.


അബ്ദുല്‍ റഹീം സംഭവസ്ഥലത്തും ആദിത്യ കഴിഞ്ഞ ദിവസം ആശുപത്രിയിലുമാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളിലുള്ള അപകടത്തിലുള്‍പ്പെട്ട കാറിനെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. മാത്രമല്ല മരിച്ച യുവാവ് ഓടിച്ച സ്‌പോര്‍ട്‌സ് ബൈക്കിന്‍റെ മഡ്ഗാഡില്‍ നിന്നും ഫൊറന്‍സിക് പരിശോധനയില്‍ രക്തം കണ്ടെത്തിയതും ദുരൂഹത കൂട്ടുന്നു. വെള്ളയമ്പലത്തു നിന്നും ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോഴാണ് ആദിത്യ അപകടത്തില്‍ പെടുന്നത്. വിതരണം ചെയ്യാനുള്ള ഭക്ഷണത്തിന്‍റെ ഓര്‍ഡറുമായി ഇതേ സമയം റോഡ് മുറിച്ചു കടക്കുകയായിരുന്നു യൂബര്‍ ഈറ്റ്‌സ് തൊഴിലാളി അബ്ദുല്‍ റഹീം.


ഒരു കാറിനെ ഇടതു വശത്തു നിന്നു മറികടന്ന് ആദിത്യയുടെ ബൈക്ക് മുന്നോട്ടു പോകുന്നതും പിന്നീടു ബൈക്കില്‍ നിന്നു വലതു ഭാഗത്തേക്കു യുവാവ് ശക്തിയായി തെറിച്ചു വീഴുന്നതും സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നു മ്യൂസിയം പൊലീസ് പറയുന്നു. ഈ സമയത്താണ് റഹീമും അപകടത്തില്‍പെട്ടത്.

അപകട സമയം ബൈക്ക് കാറിനെ മറികടക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തിനു ശേഷം ചാരനിറത്തിലുള്ള സെന്‍ എസ്റ്റിലോ കാര്‍ റോഡിന് ഇടതുവശത്തു ഒതുക്കിയിടുന്നതും ശേഷം ഒരാള്‍ നടന്നു വരുന്നതും കാണാം. പക്ഷേ പിന്നീടു പെട്ടെന്നു കാര്‍ മുന്നോട്ടു നീങ്ങി. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K