05 January, 2020 06:27:27 PM


'വീട്ടിലെ ഊണി'ന്‍റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം; കൊല്ലം കൊട്ടിയത്ത് 9 പേര്‍ അറസ്റ്റില്‍



കൊല്ലം: 'വീട്ടിലെ ഊണി'ന്‍റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തി വന്ന മൂന്ന് സ്ത്രീകള്‍ അടക്കം ഒമ്പത് പേര്‍ കൊല്ലം കൊട്ടിയത്ത് അറസ്റ്റില്‍. 'വീട്ടിലെ ഊണ് ' എന്ന പേരിലെ റസ്റ്റോറന്‍റ് നടത്തിവന്ന കടയുടമ ഇരവിപുരം സ്വദേശി അനസ് (33), വാളത്തുംഗല്‍ സ്വദേശി ഉണ്ണി (28), ആദിച്ചനല്ലൂര്‍ സ്വദേശി അനന്തു (24), മങ്ങാട് സ്വദേശി വിപിന്‍രാജ് (25), തങ്കശ്ശേരി കോത്തലവയല്‍ സ്വദേശി രാജു (46), പാലക്കാട് നെന്മാറ കൈതാടി സ്വദേശി വിനു (28), കടയുടമയുടെ ഭാര്യ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ എന്നിവരെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.


ഒരു മാസമായി കൊട്ടിയം സിതാര ജംഗ്ഷന് സമീപം കട വാടകയ്‌ക്കെടുത്താണ് അനാശാസ്യത്തിനുള്ള സൗകര്യം ഒരുക്കിയത്. കട വലിയ വാടകയ്‌ക്കെടുത്ത് രാത്രിയും പകലും ഭക്ഷണത്തിനുള്ള സൗകര്യവും ഒപ്പം അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തിവരികയായിരുന്നു. പുരുഷനും സ്ത്രീയും എത്തിയാല്‍ മുറിയും മറ്റു സൗകര്യങ്ങളും നല്‍കും. പൊലീസ് റെയ്ഡ് നടത്തിയ സമയത്തുണ്ടായിരുന്നവരാണ് പിടിയിലായത്. കൂടുതല്‍ പേര്‍ ഇതിന്‍റെ മറവില്‍ ജോലി ചെയ്തുവരുന്നതായാണ് വിവരം.


രാത്രിയും പകലും സാധാരണയില്‍ കവിഞ്ഞ് ആളുകളെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരില്‍ ചിലര്‍ സിറ്റി പൊലീസ് കമ്മിഷണറെ വിവരം അറിയിക്കുകയായിരുന്നു. കമ്മിഷണര്‍ നിയോഗിച്ച ഷാഡോ പൊലീസ് രഹസ്യ നിരീക്ഷണം നടത്തിയ ശേഷം കൊട്ടിയം പൊലീസുമായെത്തി റെയ്ഡ് നടത്തിയാണ് അനാശാസ്യക്കാരെ പൊക്കിയത്. പ്രായപൂര്‍ത്തിയാകാത്തവരെ ഇവിടെ അനാശാസ്യത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നത് മാത്രമാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. അറസ്ററിലായവരെ കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K