03 January, 2020 10:26:23 PM


കളക്ടര്‍ അനിയനെ കാണാന്‍ ചേട്ടനെത്തി : ഉപദേശങ്ങള്‍ നല്‍കാനും മുന്‍ കളക്ടര്‍ മറന്നില്ല



പത്തനംതിട്ട : ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ കാണാന്‍ ജ്യേഷ്ഠന്‍ പി.ബി.സലീം ഇന്നലെ പത്തനംതിട്ടയിലെത്തിയിരുന്നു. കോന്നി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യനാനെത്തിയ നടന്‍ മാമുക്കോയയെ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പരിചയപ്പെട്ടത് ജ്യേഷ്ഠന്‍ പി.ബി.സലീമിന്റെ പേരു പറഞ്ഞാണ്. കാരണം 10 വര്‍ഷം മുമ്പ് കോഴിക്കോട് കളക്ടറായി സേവനമനുഷ്ഠിച്ചിരുന്നു സലീം.


പരിപാടിയില്‍  മാമുക്കോയയുടെ കോഴിക്കോടന്‍ മറുപടി ഇങ്ങനെയായിരുന്നു: ''ഏത് നമ്മടെ സലീം കളക്ടറോ. മൂപ്പര്‍ടെ അനിയനാണല്ലേ. കോഴിക്കോട് നിറഞ്ഞു നിന്ന ആളാണ്, ഒരുപാട് പദ്ധതികള്‍ മൂപ്പര് തുടങ്ങീക്കണ്.'' അങ്ങനെ വാതോരാതെ മാമുക്കോയ സലീമിന്റെ ഗുണങ്ങള്‍ പറഞ്ഞു തുടങ്ങി. ഉദ്ഘാടന പ്രസംഗത്തിലും ഈ വാക്കുകള്‍ മാമുക്കോയ ആവര്‍ത്തിച്ചു. പ്രസംഗം കളക്ടര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഇന്നലെ അനിയന്‍ പ്രസംഗത്തിന്റെ റിക്കോര്‍ഡിങ് ജ്യേഷ്ഠന് കേള്‍പ്പിച്ചു കൊടുത്തു. ഇന്നും പഴയ പദ്ധതികളെപ്പറ്റി അവിടത്തുകാര്‍ ഓര്‍ക്കുന്നുവെന്ന് അറിയുമ്പോള്‍ മനസ്സു നിറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. 


ബംഗാള്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പി.ബി. സലീം ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സെക്രട്ടറിയാണ്. അവധിക്കു നാട്ടിലെത്തിയപ്പോള്‍ സഹോദരന്‍ പി.ബി. നൂഹ് കലക്ടറായിരിക്കുന്ന ജില്ല കാണാനാണ് ഇന്നലെ പത്തനംതിട്ടയില്‍ എത്തിയത്. അവധി ദിനമായിരുന്നിട്ടും കളക്ടറുടെ ചേംബറില്‍ ഇരുവരുമെത്തി. അനിയന്‍ കളക്ടറുടെ പദ്ധതികളൊക്കെ ചേട്ടന്‍ തിരക്കി. മഹാപ്രളയവും ശബരിമല പ്രശ്‌നവും നേരിട്ട കളക്ടര്‍ക്ക് ഇനിയൊന്നും പേടിക്കാനില്ലെന്നു സലീം ധൈര്യം നല്‍കി. 


ഇളയ സഹോദരനും സലീമിന്റെ ഭാര്യയും മകളും ഇന്നലെ എത്തിയിരുന്നു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ഇരുവരും സന്ദര്‍ശിച്ചു. ഉച്ചവരെ കലക്ടറുടെ ഔദ്യോഗിക വസതിയിലും ചേംബറിലും സമയം ചെലവഴിച്ച ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കണ്ടശേഷം മൂവാറ്റുപുഴയിലെ കുടുംബ വീട്ടിലേക്ക് തിരിച്ചു. സലീം നാളെ ബംഗാളിലേക്ക് മടങ്ങും.


സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ലക്ഷ്യമിട്ടു നടപ്പാക്കിയ പദ്ധതി, ആംബുലന്‍സുകളുടെ ശൃംഖലയായ ഏഞ്ചല്‍സ്, മാറാടിന്റെ മുറിവുണക്കിയ സ്പര്‍ശം പദ്ധതി, മെഗാ ഓണപ്പൂക്കളം, എ.ആര്‍.റഹ്മാന്‍ ഷോ, മലബാര്‍ മഹോത്സവം തുടങ്ങി കോഴിക്കോട്ടെ പദ്ധതികളെപ്പറ്റി സലീം പറഞ്ഞപ്പോള്‍ ആവേശത്തോടെ കളക്ടര്‍ നൂഹ് കേട്ടിരുന്നു. കോഴിക്കോട് പോലെ വലിയ ജില്ലയില്‍ ഇതൊക്കെ ജനപങ്കാളിത്തതോടെ നടക്കുമെങ്കില്‍ പത്തനംതിട്ടയില്‍ ഇതിലധികം സാധിക്കുമെന്ന് സലീം പറഞ്ഞു. പത്തനംതിട്ടക്കാരെ മുഴുവന്‍ പങ്കെടുപ്പിക്കുന്ന, സജീവമാക്കുന്ന പദ്ധതികള്‍ വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സഹോദരന്റെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ തന്നെയാണ് നൂഹിന്റെ തീരുമാനം. കോഴിക്കോട്ടേതിനു സമാനമായ വന്‍പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K