22 December, 2019 11:45:54 PM


പോപ്പുലർ റാലിക്കിടെ രണ്ട് കാറുകൾ നിയന്ത്രണം വിട്ട് മറിഞ്ഞു; ദുരന്തം ഒഴിവായി



ഈരാറ്റുപേട്ട: കോട്ടയം പിണ്ണാക്കനാട് നടന്ന കാർ റാലിക്കിടെ രണ്ട് കാറുകൾ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പോപ്പുലർ റാലിയിൽ പങ്കെടുത്ത രണ്ട് കാറുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. എഫ്.എം.എസ്.സിഐ. ദേശീയ റാലി ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ റൗണ്ടായ പോപ്പുലർ റാലി മത്സരങ്ങൾ ശനിയാഴ്ച രാവിലെ ഏഴു മുതൽ ഇടുക്കി മുണ്ടക്കയം കുട്ടിക്കാനം പാതയിൽ ഒമ്പത് പ്രത്യേക സ്റ്റേജുകളിലായാണ് ആരംഭിച്ചത്. ആവേശത്തിന്‍റെ കാറോട്ടത്തിന് സാക്ഷികളാകാൻ ആയിരക്കണക്കിനാളുകൾ എത്തിയിരുന്നു.


കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തിടനാട് മേഖലയിലെ ടാർമാക്കുകളിൽ ഇന്നലെ പൊരിഞ്ഞ പോരാട്ടമായിരുന്നു. നിലവിലെ ചാംപ്യൻ ഗൗരവ് ഗിൽ, നാവിഗേറ്റർ മൂസ ഷെരീഫ് സഖ്യം റാലിയുടെ തുടക്കത്തിൽ ഏഴാം സ്ഥാനത്തായിരുന്നു. ആദ്യ 4 റൗണ്ടിനുള്ളിൽ 29 പോയിന്‍റ് മാത്രമാണ് ഈ സഖ്യം നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഇവർ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. നിലവിൽ ഓവറോൾ കിരീടത്തിനടുത്ത് ചേതൻ ശിവറാം അശ്വിൻ സഖ്യമാണ്.


ആദ്യ ദിനത്തിലെ ഒമ്പത് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗൗരവ് ഗിൽ, മലയാളിയായ യൂനസ് ഇല്യാസ്, കർണ കടൂർ എന്നിവരാണ് മുന്നിൽ. റാലിയുടെ ഇന്ത്യൻ ചാമ്പ്യനെ ഞായറാഴ്ചത്തെ സ്പെഷ്യൽ സ്റ്റേജ് മത്സരം കൂടി കഴിഞ്ഞാൽ അറിയാനാകും. കഴിഞ്ഞ വർഷം പുനരാരംഭിച്ച പോപ്പുലർ റാലിയുടെ 24-ാം പതിപ്പ് കൂടിയായ റാലിയിൽ ആകെ 35 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളമശ്ശേരി എച്ച്.എം ടി. റോഡ് കോളനിയിലെ രണ്ട് സൂപ്പർ സ്പെഷ്യൽ സ്റ്റേജ് മത്സരത്തോടെ ചാമ്പ്യൻഷിപ്പ് സമാപിക്കും. ചാമ്പ്യന്മാർക്കുള്ള ട്രോഫി ഹൈബി ഈഡൻ എംഎ‍ൽഎ., പോപ്പുലർ വെഹിക്കിൾസ് മാനേജിങ് ഡയറക്ടർ ജോൺ കെ. പോൾ എന്നിവർ ചേർന്ന് സമാപന വേദിയിൽ സമ്മാനിക്കുക.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K