18 December, 2019 08:13:25 PM


സുരക്ഷിതമല്ലെങ്കില്‍ സ്‌കൂളുകള്‍ പൂട്ടുമെന്ന് ജില്ലാ കളക്ടര്‍



പത്തനംതിട്ട : ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ ഒരു സ്‌കൂളുകള്‍ പോലും സുരക്ഷിതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തനം തുടരുതെന്ന് ജില്ലാ കളക്ടര്‍ പി .ബി നൂഹ് വ്യക്തമാക്കി. ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തിലാണു കളക്ടര്‍ ഇതു വ്യക്തമാക്കിയത്. സുരക്ഷിതമല്ലാത്ത സ്‌കൂളുകള്‍ ഉണ്ടെങ്കില്‍ പകരം കെട്ടിടത്തിലേക്കു മാറ്റണം. അല്ലെങ്കില്‍ അത്തരം സ്‌കൂളുകള്‍ പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാനാധ്യാപകരുടെ നേതൃത്വത്തിലാണു സ്‌കൂളുകളില്‍ സുരക്ഷാ പരിശോധന നടത്തിയത്. സ്‌കൂളുകളില്‍ പാമ്പിന്റെയും മറ്റ് ഇഴ ജന്തുക്കളുടെയും ശല്യമില്ലെന്ന് ഉറപ്പ് വരുത്തുക, മുറികളും മേല്‍ക്കൂരയും അപകടകരമല്ലാത്ത നിലയിലാണെന്ന് ഉറപ്പാക്കുക, ശുദ്ധജല ലഭ്യത സ്ഥിരീകരിക്കുക, സ്‌കൂളുകളില്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന മറ്റ് അപകടകരമായ അവസ്ഥ ഇല്ലെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണു പരിശോധിച്ചത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 10 സ്‌കൂളുകളുടെ ക്ലാസ് മുറികളില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനു നടപടിയായി. 29 സ്‌കൂളുകളുടെ പരിസരം വൃത്തിയാക്കി. 22 സ്‌കൂളുകളില്‍ കൂട്ടിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍ നീക്കം ചെയ്യും. 4 സ്‌കൂളുകളില്‍ ശുദ്ധജലം എത്തിക്കുന്നതിനും നടപടിയായി. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K