18 December, 2019 02:42:02 AM


ലോകാരോഗ്യ സംഘടനയുടെ പേരില്‍ ഡോക്‌ടറുടെ 21 ലക്ഷം തട്ടിയ ഉത്തരാഖണ്ഡ്‌ സ്വദേശി പിടിയില്‍



തൊടുപുഴ: ലോകാരോഗ്യ സംഘടനയുടെ പേരിൽ ഡോക്‌ടറുടെ 21 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തരാഖണ്ഡ് സ്വദേശി പിടിയില്‍. റൂര്‍ക്കി സ്വദേശി വിപുല്‍കുമാര്‍ ദഹിയ(27)യാണ്‌ അറസ്‌റ്റിലായത്‌. ലോകാരോഗ്യ സംഘടനയും യുനിസെഫും വഴി കേരളത്തില്‍ നടപ്പാക്കുന്ന 200 കോടിയുടെ കാരുണ്യ പ്രവര്‍ത്തന പദ്ധതിയുടെ പേര്‌ പറഞ്ഞ് ഡോക്‌ടര്‍ക്ക്‌ ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം.


ഡോക്‌ടര്‍ മുഖാന്തരം കേരളത്തില്‍ പണം ചെലവഴിക്കാനാണ്‌ ലക്ഷ്യമെന്നും റിസര്‍വ്‌ ബാങ്ക്‌ വഴിയാണ്‌ ഇടപാടെന്നുമായിരുന്നു സന്ദേശം. ഡോക്‌ടര്‍ മെയിലിനോട്‌ പ്രതികരിച്ചതോടെ ഒരു സംഘം ഡോക്‌ടറുടെ ഫോണിലേക്ക്‌ വിളിക്കുകയും പണം ഇന്ത്യയിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിനായി രണ്ട്‌ ലക്ഷം രൂപ അടയ്‌ക്കണമെന്നും പറഞ്ഞു. അവര്‍ പറഞ്ഞ അക്കൗണ്ട്‌ നമ്പരിലേക്കും മറ്റു അക്കൗണ്ടുകളിലേക്കുമായി പലപ്പോഴായി 21 ലക്ഷം രൂപ ഇട്ടു. വീണ്ടും ഒമ്പത്‌ ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ തട്ടിപ്പെന്ന്‌ സംശയം തോന്നിയ ഡോക്‌ടര്‍ തൊടുപുഴ ഡിവൈ.എസ്‌.പി കെ.പി. ജോസിനെ സമീപിച്ചു.


തുടര്‍ന്ന് അന്വേഷണം കരിമണ്ണൂര്‍ പോലീസിനു കൈമാറി. ഫോണ്‍ നമ്പരും അക്കൗണ്ട്‌ നമ്പരും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ്‌ ഉത്തരേന്ത്യയില്‍ നിന്നാണെന്ന്‌ മനസിലായി. എസ്‌.ഐ. പി.ടി. ബിജോയിയും സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ വിജയാനന്ദ്‌ സോമനും ഡല്‍ഹിയിലേക്ക്‌ പോയി. ഡല്‍ഹി വിലാസം വ്യാജമാണെന്ന്‌ മനസിലായതോടെയാണ്‌ ഉത്തരാഖണ്ഡിലേക്ക്‌ പോയത്‌. ഇവിടെ നിന്നാണ്‌ ബി-ടെക്‌ ബിരുദധാരിയായ പ്രതി പിടിയിലാകുന്നത്‌. സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K